തൃക്കാക്കര: തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം സമ്പന്ന ശക്തികളുടെ പിടിയിലാണെന്നും, സമ്പന്ന ശക്തികളുടെ പ്രതിനിധികളാണ് സി.പി.എം സ്ഥാനാർത്ഥികളെന്നും വി.എം.സുധീരൻ പറഞ്ഞു. തൃക്കാക്കര മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി പി.ടി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച വാഹന പ്രചരണജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി സെക്രട്ടറി പി.ഐ.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര, കാക്കനാട് ,ഇടപ്പള്ളി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ വോട്ട് തേടിയാണ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ചിറ്റേത്തു കരയിൽ നിന്ന് ആരംഭിച്ച തൃക്കാക്കര ഈസ്റ്റ് മണ്ഡല പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാക്കനാട് ജംഗ്ഷനിൽ സമാപിച്ചു.