കൊച്ചി: വാഹനങ്ങൾ വാടകയ്ക്കെടുത്ത് വൻതുകയ്ക്ക് മറിച്ചുവിൽക്കുന്ന സംഘത്തിലെ നാലുപേർ പിടിയിൽ. ചാവക്കാട് പെരുങ്ങോടുകര കളിച്ചത്തുവീട്ടിൽ സജിത്ത് (24), വാടാനപ്പിള്ളി സ്വദേശികളായ അമ്പലത്തുവീട്ടിൽ അജ്മൽ (25), കോക്കാലിത്തുവീട്ടിൽ ഫാസിൽ (20), പള്ളിത്തോട്ടുങ്കൽവീട്ടിൽ നജിൽ (25) എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ റെന്റ് എ കാർ സ്ഥാപനങ്ങളുടെ പരാതിയിലാണ് അറസ്റ്റ്. മറ്റൊരാളുടെ വിലാസത്തിൽ വാഹനം വാടകയ്ക്കെടുത്ത് അന്നുതന്നെ മറിച്ചുവിൽക്കുകയാണ് ഇവരുടെ രീതി. പിടിക്കപ്പെടാതിരിക്കാൻ ജി.പി.എസ്. അടക്കം നീക്കിയാണ് വില്പന. ഇടപ്പള്ളിയിലെ സ്ഥാപനത്തിൽനിന്ന് ഇന്നോവ ക്രിസ്റ്റ കാറാണ് സംഘം തട്ടിയത്. ഈ കാർ കണ്ടെത്താനായിട്ടില്ല. നിരവധി സ്ഥാപനങ്ങൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂട്ടുപ്രതികളായ രണ്ടുപേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം സെൻട്രൽ അസി.കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എളമക്കര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.