
ആലുവ: നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ നിർണായകമണ്ഡലമാണ് ആലുവ. രണ്ടാംതവണയും കളംപിടിക്കാൻ യു.ഡി.എഫിന്റെ അൻവർ സാദത്ത് ഇറങ്ങുമ്പോൾ അപ്രതീക്ഷിത വനിതാ സ്ഥാനാർത്ഥിയായ ഷെൽന നിഷാദിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് എൽ.ഡി.എഫ് ശ്രമം. എം.എൻ. ഗോപിയാണ് എൻ.ഡി.എയുടെ തുറുപ്പുചീട്ട്.
മണ്ഡലത്തിൽ മൂന്ന് സ്ഥാനാർത്ഥികളും പൊതുപര്യടനം ആരംഭിച്ചതോടെ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ആവേശത്തിലായി. യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ മണ്ഡലംതല പര്യടനം അശോകപുരത്ത് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി വിധവകളായ 50 അമ്മമാർക്ക് വീടുനിർമ്മിച്ചു നൽകി ജനപ്രതിനിധികൾക്ക് മാതൃകയായ എം.എൽ.എയാണ് അൻവർ സാദത്തെന്ന് ഹൈബി ഈഡൻ പറഞ്ഞു. നിയോജകമണ്ഡലം ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ജെബി മേത്തർ, മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണികൃഷ്ണൻ, എം.ജെ ജോമി, പി.ബി സുനീർ, ബിനീഷ് കുമാർ, ലത്തീഫ് പുഴിത്തറ, എം.കെ.എ ലത്തീഫ്, തോപ്പിൽ അബു, പി.ജെ. സുനിൽ കുമാർ, ഡൊമിനിക്ക് കാവുങ്കൽ എന്നിവർ നേതൃത്വം നൽകി.
ഷെൽന നിഷാദ് (എൽ.ഡി.എഫ്)
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദിന്റെ മണ്ഡല പൊതുപര്യടനം നെടുമ്പാശേരി പഞ്ചായത്തിലെ കേരള ഫാർമസി പരിസരത്ത് എൻ.സി.പി നേതാവ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോൺ ഫെർണാണ്ടസ് എം.എൽ.എ, വി. സലിം, എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, കെ.എം. കുഞ്ഞുമോൻ, പി.വി. തോമസ്, സി.എ. മുകുന്ദൻ, എൻ.കെ. കുമാരൻ, കെ.എച്ച്. ഷംസുദ്ദീൻ, ശിവരാജ് കോമ്പാറ, കെ.എ. മായിൻകുട്ടി എന്നിവർ സംസാരിച്ചു. അത്താണി, പൊയ്ക്കാട്ടുശ്ശേരി, പറമ്പുശ്ശേരി, മധുരപ്പുറം, കാരക്കാട്ട്, ചമ്പന്നൂർ കോളനി, ഇളം മേയക്കാട്, വാപ്പാലശ്ശേരി, അകപ്പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ചെറിയ വാപ്പാലശ്ശേരി കോളനിയിൽ സമാപിച്ചു. ഇന്ന് നെടുമ്പാശ്ശേരിയിലും എടത്തലയിലും പര്യടനം നടത്തും.
എം.എൻ. ഗോപിക്കായി ഗൗതം ഗംഭീർ
എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യുവമോർച്ച ആലുവ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യൂത്ത് മീറ്റ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ എം.പി ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗൗതം ഗംഭീർ യുവാക്കളുമായി സംവദിച്ചു. സ്ഥാനാർത്ഥി എം.എൻ.ഗോപി, ബി.ജെ.പി മദ്ധ്യ മേഖലാ സെക്രട്ടറി കെ.എസ്. രാജേഷ്, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ, വൈസ് പ്രസിഡന്റ് രൂപേഷ് പൊയ്യാട്ടു, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയപ്രകാശ് കുന്നത്തേരി, ജില്ലാ സെക്രട്ടറി ശ്യാമപ്രസാദ്,കണ്ണൻ തുരുത്ത് എന്നിവർ സംസാരിച്ചു.