b
കുറുപ്പംപടി മാർക്കറ്റ്

കുറുപ്പംപടി: ശോചനീയാവസ്ഥയിൽ കുറുപ്പംപടി മാർക്കറ്റ്. 15വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച കുറുപ്പംപടി മാർക്കറ്റ് ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെ.ഇത്രയും കാലമായിട്ടും മാർക്കറ്റിൽ വാർഷിക അറ്റകുറ്റപ്പണികളോ വികസന പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല.

കുറുപ്പംപടി പട്ടണത്തിന് ഹൃദയഭാഗത്താണ് മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. പച്ചക്കറി ,മാംസ്യം, പലചരക്ക്,ബാറ്ററി ഷോപ്പ്,ആക്രിക്കട,വെളിച്ചെണ്ണ കട തുടങ്ങി വിവിധ തരത്തിലുള്ള പതിനഞ്ചോളം സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത് . അടിസ്ഥാനസൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല.

കാടുകയറി മാലിന്യ സംസ്കരണ പ്ലാന്റ്

ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ മാർക്കറ്റിന്റെ വികസനത്തിനുവേണ്ടി വർഷങ്ങളായിട്ടും യാതൊരുവിധ നടപടികളും ചെയ്തതായി കാണുന്നില്ല. വർഷങ്ങൾക്കു മുമ്പ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് 2 വർഷത്തിനു ശേഷം അതിന്റെ പ്രവർത്തനം നിലച്ചു കാടുകയറി കിടക്കുന്നു. നാളിതുവരെയായിട്ടും യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ബൃഹദ് പദ്ധതി ആവിഷ്കരിക്കണം

കാലപഴക്കമുള്ള മാർക്കറ്റ് ബിൽഡിംഗുകൾ പൊളിച്ചുമാറ്റി ആധുനിക സജ്ജീകരണങ്ങളുള്ള പുതിയ മാർക്കറ്റ് കെട്ടിടം പണിയണം. ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിൽ ബിൽഡിംഗ് പ്ലാനുകൾ തയ്യാറാക്കി ബൃഹദ് പദ്ധതി ആവിഷ്കരിക്കണം.

ബേബി കിളിയായത്ത്,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്

പുതിയ ഇരുനില കെട്ടിടം പണിയും

50 ലക്ഷം രൂപയുടെ പ്രോജക്ട് പഞ്ചായത്തിൽ വകയിരുത്തിയിട്ടുണ്ട്.ഈ വർഷം തന്നെ ഉപയോഗശൂന്യമായി കിടക്കുന്ന മാലിന്യസംസ്കരണ പ്ലാന്റ് ഭാഗത്ത് പുതിയ ഇരുനില കെട്ടിടം പണിയാൻ പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ട്.

സജി പടയാട്ടിൽ,വാർഡ് മെമ്പർ