r1

മൂവാറ്റുപുഴ: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ കർഷകർക്കായി പ്രത്യേക ബഡ്‌ജറ്റ് ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർക്കായി ചെലവഴിക്കുന്ന ഓരോ പൈസയെക്കുറിച്ചും അവർ അറിയണം. -രാഹുൽ പറഞ്ഞു. കർഷകരെ വെല്ലുവിളിക്കുന്ന മൂന്ന് കാർഷിക നിയമങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. ഈ നാട്ടിലെ പാവപ്പെട്ട ഓരോരുത്തരുടെയും അക്കൗണ്ടിൽ 6000 രൂപ എത്തുന്ന ന്യായ് പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. ന്യായ് പദ്ധതിയിലൂടെ 72000 രൂപവർഷത്തിൽ ഓരോരുത്തരുടെയും അക്കൗണ്ടിലെത്തും. ഇതുവഴി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. നിയമസഭയിലേക്കു മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ 55 ശതമാനം പേരും യുവാക്കളാണ്. അതുപോലെ പരിചയസമ്പന്നരുമുണ്ട്. ഇവർ ചേരുമ്പോൾ നിയമസഭ പുതിയ അനുഭവമായി മാറും. യു. ഡി. എഫ് അധികാരത്തിൽ വന്നാൽ റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടനാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഡീൻ കുര്യാക്കോസ് എം.പി, കോതമംഗലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറം, മുൻ മന്ത്രി ടി.യു.കുരുവിള, തോമസ് രാജൻ, പി.സി.തോമസ്, സേനാപതി വേണു, എ.മുഹമ്മദ് ബഷീർ, വർഗീസ് മാത്യു എന്നിവർ സംബന്ധിച്ചു.