കൊച്ചി: കേരളത്തിൽ ഇടത് പക്ഷത്തിന്റെ വിജയം ഉറപ്പാക്കേണ്ടത് മതനിരപേക്ഷ സമൂഹത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്വമാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. എറണാകുളം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാജി ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഗാന്ധിനഗർ ഗ്യാലറി പാർക്കിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മറ്റ് പാർട്ടികൾ തലയിൽ താമര ഒളിപ്പിച്ചാണ് നടക്കുന്നത്. അവർ ഏത് നിമിഷവും ബി.ജെ.പിയിൽ ചേരാം. നിരവധി തവണ അത് തെളിഞ്ഞതാണ്.
യോഗി ആദിത്യനാഥ് കേരളത്തെ ഉത്തർ പ്രദേശാക്കി മാറ്റണമെന്നാണ് പറയുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു. പൊതുവിതരണ രംഗത്ത് മികച്ച മാതൃകയാണ് കേരളം. അവർ പറഞ്ഞു. മേയർ അഡ്വക്കേറ്റ് എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ്. നേതാക്കളായ പി.എൻ. സീനുലാൽ, ഷാജി ജോർജ്, സജിനി തമ്പി, കൗൺസിലർമാരായ കെ.കെ. ശിവൻ, കെ.പി. ലതിക, എസ്.ശശികല, ബിന്ദു മണി, സജിനി ജയചന്ദ്രൻ, ആഷിത യഹിയ, ടെസി ജേക്കബ്, എലിസബത്ത് എന്നിവർ സംസാരിച്ചു.