
ആലുവ: ആകാശത്തോളം ഉയരത്തിൽ വികസന സ്വപ്നങ്ങൾ പങ്കുവച്ച് ആലുവയിൽ സ്ഥാനാർത്ഥി സംഗമം. ആലുവ മീഡിയ ക്ലബ് സംഘടിപ്പിച്ച ആലുവ നിയോജക മണ്ഡലം സ്ഥാനാർത്ഥി സംഗമത്തിൽ അൻവർ സാദത്ത് (യു.ഡി.എഫ്), ഷെൽന നിഷാദ് (എൽ.ഡി.എഫ്), എം.എൻ. ഗോപി (എൻ.ഡി.എ) എന്നിവരാണ് ആലുവയുടെ വികസനകാര്യത്തിൽ വാചാലരായത്.
മുന്നണികൾ മൂന്നാണെങ്കിലും പൊതുവിഷയങ്ങളിൽ മൂവർക്കും ഒരേ മനസായിരുന്നു. കൊച്ചി മെട്രോ റെയിൽ നെടുമ്പാശേരി വരെ നീട്ടാൻ ഇടപെടുമെന്ന് ഷെൽന നിഷാദും എം.എൻ. ഗോപിയും അവകാശപ്പെട്ടപ്പോൾ അങ്കമാലി വരെ നീണ്ടുമെന്നായിരുന്നു അൻവർ സാദത്തിന്റെ വാഗ്ദാനം.
അൻവർ സാദത്ത് (യു.ഡി.എഫ്)
ആലുവ മാർക്കറ്റ് റോഡ് വികസിപ്പിക്കുന്നതിന് എട്ട് കോടി രൂപയുടെ പദ്ധതി സർക്കാരിന് നൽകിയിട്ടുണ്ടെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മിന്നൽ വേഗത്തിൽ നടപ്പാക്കും. സീപോർട്ട് എയർപോർട്ട് റോഡ് 100 ദിന കർമ്മപദ്ധതിയിൽപ്പെടുത്തി നടപ്പാക്കും. പഞ്ചായത്തുകൾ സ്ഥലം കണ്ടെത്തി നൽകിയാൽ എല്ലാ പഞ്ചായത്തുകളിലും ഗ്രൗണ്ടുകൾ നിർമിക്കും. ആലുവ കെ.എസ്.ആർ.ടി.സി നവീകരണം തുടങ്ങാൻ വൈകിയത് കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കൊടുകാര്യസ്ഥതയാണ്. മണ്ഡലത്തിലെ അവശേഷിക്കുന്ന റോഡുകളും ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുമെന്നും സാദത്ത് അവകാശപ്പെട്ടു.
ഷെൽന നിഷാദ് (എൽ.ഡി.എഫ്)
കൊച്ചി നഗരമായി വരുകയാണ് ആലുവ. പക്ഷെ ഗതാഗത കുരുക്കും കുടിവെള്ള ക്ഷാമവുമെല്ലാം പ്രതിസന്ധിയാണെന്ന് ഷെൽന നിഷാദ് പറഞ്ഞു. ഇത് ശാസ്ത്രീയമായി പരിഹരിക്കും. ലൈഫ് മിഷൻ പദ്ധതി ഫലപ്രദമാക്കും. പണി തീരാത്ത പാലങ്ങളും റോഡുകളും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഇത് പരിഹരിക്കും. മുടങ്ങിക്കിടക്കുന്ന ആലുവ മാർക്കറ്റിന്റെ നിർമ്മാണവും സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടവും വേഗത്തിലാക്കും. പഞ്ചായത്തുകളിൽ മൈക്രോ ടൗൺഷിപ്പുകൾ സ്ഥാപിക്കും. മെട്രോ റെയിൽ എയർപോർട്ട് വരെ നീട്ടും. ആലുവ നഗരസഭ പാർക്ക് ഉപയോഗയോഗ്യമാക്കും.
എം.എൻ. ഗോപി (എൻ.ഡി.എ)
സീപോർട്ട് എയർപോർട്ട് റോഡ് ഒരു വർഷത്തിനകം പൂർത്തീകരിക്കും. നഗരത്തിലെ ട്രാഫിക്ക് സംവിധാനം ശാസ്ത്രീയമായി പുനക്രമീകരിക്കും. ആലുവ ജനറൽ മാർക്കറ്റ് പുനർനിർമിക്കും. എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സർക്കാരിന്റെ ശുചിത്വപദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക നിലയിൽ പൊതുശൗചാലയം നിർമിക്കും. കായിക പ്രതിഭകളെ വളർത്താൻ എല്ലാ പഞ്ചായത്തുകളിലും ടർഫ് സ്ഥാപിക്കും. വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതികൾ നടപ്പാക്കും. ആലുങ്ങൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് സ്ഥാപിക്കും. എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കും.