കൊച്ചി : എളംകുളത്തെ മരണവളവിലെ അപകടങ്ങൾ ഒഴിവാക്കാൻ അഞ്ച് അടിയന്തര നിർദേശങ്ങൾ ചൂണ്ടിക്കാട്ടി നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ (നാറ്റ്പാക്ക് ) റിപ്പോർട്ട്. പാതയിൽ അപകടങ്ങൾ തുടർക്കഥയായതോടെ മാർച്ച് 5ന് നാറ്റ്പാക്ക് പ്രതിനിധി സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അന്തിമ റിപ്പോർട്ട് രണ്ടുദിവസത്തിനകം റോഡ് സേഫ്റ്റി അതോറിട്ടിക്കും ട്രാഫിക് പൊലീസിനും കൈമാറും. ഏഴ് മാസത്തിനിടെ 15 പേരുടെ ജീവനാണ് എളംകുളത്തെ വളവിൽ പൊലിഞ്ഞത്. അമിതവേഗത്തയാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അടിയന്തര നിർദേശങ്ങൾ
1.റബ്ബർ ബ്രേക്കർ - റോഡിൽ റബ്ബർ ബ്രേക്കർ സ്ഥാപിച്ച് അമിതവേഗത കുറയ്ക്കാം.
2.സ്പീഡ് ബാരിയർ- അമിതവേഗം നിയന്ത്രിക്കാനായി റോഡിൽ സ്പീഡ് ബാരിയർ സ്ഥാപിക്കുന്നത് സഹായിക്കും. നിലവിൽ ട്രാഫിക് പൊലീസ് സ്പീഡ് ബാരിയർ സ്ഥാപിച്ചിട്ടുണ്ട്.
3. ഫുട്പാത്ത് - എളംകുളത്തെ ഇരുപാതയോരങ്ങളിലും നിയമപ്രകാരം ഫുട്പാത്ത് വേണം. ഇവിടെ മികച്ച ഫുട്പാത്ത് ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
4. മീഡിയൻ ഇൻഡിക്കേഷൻ- മെട്രോയുടെ മീഡിയനിൽ ഇടിച്ചാണ് കൂടുതൽ അപകടവും ഉണ്ടായിട്ടുള്ളത്. ഇവിടെ റിഫ്ലക്ടറുകളും മറ്റും പതിപിപ്പിക്കണം.
5.സൈൻ ബോർഡുകൾ- പാതയോരങ്ങളിൽ അപകടസൂചികയടക്കമുള്ള ബോർഡുകൾ ദിശാ ബോർഡുകൾ സ്ഥാപിക്കണം.
രേഖകൾ നൽകാതെ
എളംകുളത്തെ വളവിൽ അപടമുണ്ടാകാൻ ഒരു കാരണം കാഴ്ച മറയുന്നതാണ്. നാറ്റ്പാക്ക് പരിശോധനയിലും ഇത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ റോഡിന്റെ പ്ലാനും മറ്റു രേഖകളും ഇതുവരെ നാറ്റ്പാക്കിന് ലഭിച്ചിട്ടില്ല. ബന്ധപ്പെട്ട വകുപ്പിനെ നാറ്റ്പാക്ക് പലതവണ സമീപിച്ചെങ്കിലും നൽകാമെന്ന് മാത്രമാണ് അറിയിച്ചത്.രേഖകൾ വിശദമായി പരിശോധിച്ച് രൂപഘടനയിലടക്കം മാറ്റം വരുത്താനടക്കമുള്ള നിർദേശം പിന്നീട് സമർപ്പിക്കും. റിപ്പോർട്ട് രണ്ട് ദിവസത്തിനകം ട്രാഫിക്ക് പൊലീസിനും റോഡ് സേഫ്റ്റിക്കും കൈമാറും. ദീർഘകാലത്തിൽ നടപ്പാക്കേണ്ട നിർദേശങ്ങൾ പിന്നീട് നൽകും.
എബിൻ സാം
ജൂനിയർ സയന്റിസ്റ്റ്
നാറ്റ്പാക്ക്