ele

കൊച്ചി: കായിക കേരളത്തിന്റെ ഈറ്റില്ലമായ കോതമംഗലത്തെ ജനകീയ ട്രാക്കിൽ പ്രാഥമിക റൗണ്ടുകൾ പൂർത്തിയായപ്പോൾ മത്സരം ഫോട്ടോ ഫിനിഷിലേക്കെന്ന് സൂചന. അഞ്ചുവർഷം മുമ്പ് നഷ്ടപ്പെട്ട കപ്പ് തിരിച്ചെടുക്കാൻ യു.ഡി.എഫും, കൈയിലുള്ളത് നിലനിറുത്താൻ എൽ.ഡി.എഫും ഇഞ്ചോടിഞ്ച് പൊരുതുമ്പോൾ ഓടിയെടുക്കാൻ എൻ.ഡി.എയും പിടിച്ചടക്കാൻ ടിന്റി-20 യും കടുത്തമത്സരത്തിലാണ്. ട്രാക്കിന് പുറത്ത് വാതുവച്ചും വാചക കസർത്ത് നടത്തിയും കാണികളുടെ കരഘോഷവുമുണ്ട്.

അധികാരത്തിന്റെ ആനുകൂല്യമുണ്ടായിട്ടും കഴിഞ്ഞ 5 വ‌‌ർഷം മണ്ഡലജനതയെ മണ്ടന്മാരാക്കിയെന്ന പ്രതിപക്ഷ വാദത്തിന് നാലിൽ മൂന്ന് ഭൂരിപക്ഷമുണ്ടെന്നതാണ് ഇടതുമുന്നണിയെ കുഴയ്ക്കുന്ന ഘടകം.

പെരിയാറിന്റെ പെരുമയിൽ ആവശ്യത്തിലേറെ തോടും കുളവും ചതുപ്പുനിലങ്ങളുമൊക്കെയുണ്ടായിട്ടും കുടിവെള്ളക്ഷാമം അതിരൂക്ഷമാണെന്നത് കോതമംഗലത്തിന്റെ വെറും പരാതിമാത്രമല്ല, യാഥാർത്ഥ്യവുമാണ്. വിനോദസഞ്ചാര വികസനസാദ്ധ്യതകൾ ഏറെയുണ്ടെങ്കിലും പ്രയോജനപ്പെടുത്താനാകുന്നില്ലെന്നത് മറ്റൊരുപരാതി. കാർഷികമേഖലയും അസംതൃപ്തിയിലാണ്. പരമ്പരാഗത ഈറ്റ വ്യവസായ തൊഴിലാളികളുടെകൂടി നാടാണ് കോതമംഗലം. ആയിരത്തോളം വരുന്ന ഈ തൊഴിലാളികളുടെ കാതലായപ്രശ്നങ്ങൾ കാലാകാലങ്ങളായി പരിഹാരമില്ലാതെ നീളുകയാണ്. കുടിവെള്ളം, വൈദ്യുതി, റോഡ് എന്നിവയുടെ അപര്യാപ്തതയ്ക്ക് പിന്നാലെ വന്യമൃഗശല്യവും ആദിവാസി കുടികളിലെ ജീവിതം ദുസഹമാക്കുന്നു.അങ്ങനെ നീണ്ടുപോകുന്ന പരാതികൾക്കൊപ്പം ഇനിയും യാഥാർത്ഥ്യമാകാത്ത റിംഗ് റോഡ്, പൊതുശ്മശാനം തുടങ്ങിയ പരിഭവങ്ങൾ നഗരപ്രദേശത്തുമുണ്ട്.


 വോട്ടുനില 2016

ആകെ വോട്ടർമാർ 159374

ആന്റണി ജോൺ ( എൽ.ഡി.എഫ്) 65467

ടി.യു. കുരുവിള (യു.ഡി.എഫ്) 46185

പി.സി. സിറിയക് (എൻ.ഡി.എ) 12926

1. ഷിബു തെക്കുംപുറം

കേരളകോൺഗ്രസ് ജില്ലാ പ്രസി‌ഡന്റ് ഷിബു തെക്കുംപുറമാണ് യു.ഡി.എഫ് നുവേണ്ടി ട്രാക്കിലുള്ളത്. കേരളകോൺഗ്രസിന്റെ ശക്തിയും യു.ഡി.എഫ് ന്റെ പാരമ്പര്യവോട്ടുകളും മുന്നണിക്ക് വിജയപ്രതീക്ഷ നൽകുന്നു. അതിനൊപ്പം പൊതുപ്രവർത്തകൻ എന്ന നിലയിൽ 'എന്റെ നാട്' പദ്ധതിയിലൂടെ മണ്ഡലത്തിൽ നടപ്പിലാക്കിയ സന്നദ്ധസേവന പദ്ധതികൾ ബോണസ് ആകും.

2. ആന്റണി ജോൺ

2016 ൽ 19282 വോട്ടിന് മുൻമന്ത്രി കൂടിയായ കേരളകോൺഗ്രസിന്റെ ടി.യു. കുരുവിളയെ തറപറ്റിച്ച സി.പി.എം പോരാളി ആന്റണി ജോൺ ആണ് ഇടതുമുന്നണിയ്ക്കുവേണ്ടി കളത്തിൽ. വീണ്ടും എൽ.ഡി.എഫ് വരുമെന്ന ഉറപ്പാണ് ഏറ്റവും വലിയ പിൻബലം. അതോടൊപ്പം കിഫ്ബി പദ്ധതിവഴി നടപ്പിലാക്കിയതും തുടങ്ങിവച്ചതുമായ കോടിക്കണക്കിന് രൂപയുടെ വികസനപരിപാടികൾ വോട്ടായി മാറുമെന്നും ശുഭാപ്തിവിശ്വാസവും

3.ഷൈൻ കെ. കൃഷ്ണൻ

പിന്നാക്ക ജനതയുടെ ശബ്ദമായി എൻ.ഡി.എ യ്ക്കുവേണ്ടി ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഷൈൻ കെ.കൃഷ്ണൻ. ഇടതു- വലതുമുന്നണികൾ പിന്നാക്കജനവിഭാഗങ്ങളോട് പുലർത്തുന്ന വിവേചനം കോതമംഗലം മണ്ഡലത്തിലെ 50,000 ൽപ്പരം വോട്ടർമാരെ സ്വാധീനിക്കും. അതോടൊപ്പം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഒട്ടനവധി ജനക്ഷേമപദ്ധതികൾ മലയോര കാർഷികമേഖലയായ കോതമംഗലത്ത് എത്തിക്കാനാകുമെന്ന പ്രതീക്ഷയും മത്സരവേദിയിൽ കരുത്താകുന്നു.

4. ഡോ.ജോ ജോസഫ്

കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനകീയ ബദലുമായി ട്വന്റി-20 കളത്തിലിറക്കിയ ഡോ. ജോ ജോസഫ് .കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന 30,000 ൽപ്പരം വോട്ടർമാരുടെ പിന്തുണ പ്രതീക്ഷിക്കുന്നു. കോതമഗംലം നെല്ലിക്കുന്നിലെ ഗൃഹോപകരണ നിർമാണമേഖലയ്ക്കുവേണ്ടി മുന്നോട്ടുവച്ചിട്ടുള്ള പുതിയ വിപണനസാദ്ധ്യതകളും വികസനപദ്ധതികളും അവിടുത്തെ വോട്ടർമാർ ഏറ്റെടുക്കുമെന്നും പ്രതീക്ഷ.