mohanlal-boros

കൊച്ചി: സൂപ്പർതാരം മോഹൻലാലിന്റെ സംവിധാനത്തിൽ പിറക്കുന്ന ആദ്യസിനിമയായ 'ബറോസി"ന് തുടക്കം. മോഹൻലാലിന്റെ ആദ്യസിനിമയ്‌ക്ക് വേദിയൊരുങ്ങിയ നവോദയ സ്റ്റുഡിയോയിൽ 'ബറോസി"ന് ‌തുടക്കമായപ്പോൾ അനുഗ്രഹവർഷവുമായി സിനിമാ ലോകവും ഉറ്റസുഹൃത്തുക്കളും ഒത്തുകൂടി.

31ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഡിസംബറിൽ പ്രദർശനത്തിനെത്തും. ബറോസിന്റെ പൂജയ്‌ക്ക് ഇന്നലെ രാവിലെ 10ന് മോഹൻലാൽ തിരിതെളിച്ചു. ത്രീഡിയിൽ ഒന്നിലേറെ ഭാഷകളിലാണ് സിനിമ ഒരുക്കുന്നത്. നാലു നൂറ്റാണ്ടായി നിധിയുടെ ഉടമസ്ഥനെത്താൻ കാത്തിരിക്കുന്ന ബറോസ് എന്ന ഭൂതത്താന്റെ കഥ ഫാന്റസിയിലൂടെ അവതരിപ്പിക്കുന്നതാണ് സിനിമ. ബറോസായി മോഹൻലാൽ അഭിനയിക്കുന്നു. പൃഥ്വിരാജ്, അമേരിക്കൻ താരം ഷെയ്ല തുടങ്ങിവരാണ് മറ്റു താരങ്ങൾ.

മൈ ഡിയർ കുട്ടിച്ചാത്തൻ, പടയോട്ടം സിനിമകൾ സംവിധാനം ചെയ്ത ജിജോ കഥയും തിരക്കഥയും രചിച്ചു. ആന്റണി പെരുമ്പാവൂരാണ് നിർമ്മാതാവ്. നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, സിദ്ദിഖ്, പ്രതാപ് പോത്തൻ, മുരളീഗോപി, സംവിധായകരായ ഫാസിൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ടി.കെ. രാജീവ്കുമാർ, അശോക് കുമാർ, സിദ്ദിഖ്, ലാൽ, ബി. ഉണ്ണിക്കൃഷ്ണൻ, മേജർ രവി, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ് കുമാർ, മോഹൻലാലിന്റെ ഭാര്യ സുചിത്ര തുടങ്ങിയവർ ചടങ്ങിന് ആശംസ നേർന്നു.

 ക്രിസ്‌മസ് റിലീസ്

31 മുതൽ കൊച്ചി, ഗോവ, ഡെറാഡൂൺ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ആഗോളതലത്തിൽ ക്രിസ്‌മസ് കാലത്ത് റിലീസ് ചെയ്യുകയാണ് ലക്ഷ്യം. 13കാരനായ ചെന്നൈ സ്വദേശി ലിഡിയൻ നാദസ്വരമാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. നിരവധി വിദേശ സാങ്കേതികപ്രവർത്തകരും പിന്നണിയിൽ പ്രവർത്തിക്കും.

'അപ്രതീക്ഷിതമായാണ് സംവിധായകനാകാൻ തീരുമാനിച്ചത്. ബറോസിനെക്കുറിച്ച് ജിജോയാണ് സംസാരിച്ചത്. ആര് സംവിധാനം ചെയ്യുമെന്ന ചർച്ചയിലാണ് ഞാൻ ചെയ്യാമെന്ന് പറഞ്ഞത്. അറിയാതെ അഭിനയിക്കാനെത്തിയതുപോലെ സംവിധാനവും എത്തുകയായിരുന്നു. ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ്. പുതുമുഖത്തെ തെരഞ്ഞ നവോദയ അപ്പച്ചന് മുന്നിലെത്തിയത് യാദൃച്ഛികമായാണ്. ആ സിനിമയിൽ ആദ്യ ഷോട്ടെടുത്ത നവോദയ സ്റ്റുഡിയോയിൽ തന്നെയാണ് സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്റെ മകൻ ജിജോ ഒരുക്കിയ തിരക്കഥയിലാണ് അരങ്ങേറ്റം. സംഗീതത്തിന് പ്രാധാന്യമുള്ള സിനിമ 400 വർഷം മുൻപത്തെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ സ്വീകാര്യമായ വിധത്തിലാണ് ഒരുക്കുന്നത്".

- മോഹൻലാൽ