
കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജി ഹൈക്കോടതി വിശദമായ വാദത്തിന് 30 ലേക്ക് മാറ്റി. കേസ് സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം സിംഗിൾബെഞ്ച് അനുവദിച്ചില്ല. എന്നാൽ, അറസ്റ്റുൾപ്പെടെ കർശന നടപടികൾ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മൊഴിയെടുക്കുന്നതടക്കമുള്ള അന്വേഷണ നടപടികൾ തുടരാനാകും.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡിഷണൽ സോളിസിറ്റർ ജനറൽമാരായ എസ്.വി. രാജു, കെ.എം. നടരാജ് എന്നിവരാണ് ഇ.ഡിക്കു വേണ്ടി ഹാജരായത്. ഇ.ഡി ഒരു മണിക്കൂറോളം പ്രാഥമിക വാദം നടത്തിയെങ്കിലും ഹർജിക്കാരൻ കേസിൽ പ്രതിയല്ലെന്നും ഹർജി നിലനിൽക്കില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ സീനിയർ ഗവ. പ്ളീഡർ സുമൻ ചക്രവർത്തി വാദിച്ചു. സ്വർണക്കടത്തുകേസിലെ പ്രതികളുടെ മൊഴികൾ ഹർജിക്കൊപ്പം നൽകിയതു ശരിയായില്ലെന്നും കൂടുതൽ മറുപടി നൽകാൻ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് ഹർജി മാറ്റിയത്.
 അന്വേഷണ രേഖകൾ എങ്ങനെ ഹർജിയുടെ ഭാഗമായി
ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ വ്യക്തിപരമായി നൽകിയ ഹർജിയിൽ മുദ്രവച്ച കവറിൽ നൽകിയ മൊഴികളടക്കം എങ്ങനെ സമർപ്പിക്കാൻ കഴിയുമെന്ന് ഹർജിയിൽ വാദം കേൾക്കവെ സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു. മറ്റ് അന്വേഷണ ഏജൻസികൾ ശേഖരിച്ച തെളിവുകൾ പോലും ഹാജരാക്കിയിട്ടുണ്ട്. വ്യക്തിഗത ഹർജിയിൽ ഇത്തരം അന്വേഷണ വിവരങ്ങൾ എങ്ങനെ നൽകാനാവുമെന്നും ഹൈക്കോടതി ചോദിച്ചു. ഇവയൊക്കെ വിചാരണക്കോടതിയിൽ നൽകിയതാണെന്ന് അഡി. സോളിസിറ്റർ ജനറൽ എസ്.വി രാജു പറഞ്ഞു. വ്യക്തിഗത ഹർജിയാണെങ്കിലും ഇ.ഡി ഉദ്യോഗസ്ഥനായ ഹർജിക്കാരന് നിയമ സംരക്ഷണം നൽകാൻ ഇ.ഡിക്ക് ബാദ്ധ്യതയുണ്ടെന്നും സോളിസിറ്റർ ജനറൽ ഉൾപ്പെടെയുള്ളവർ ഇതിനാലാണ് ഹാജരാകുന്നതെന്നും എസ്.വി.രാജു വാദിച്ചു.
 വനിതാ പൊലീസുകാർ കള്ളം പറയുന്നു: ഇ.ഡി
മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴി കളവാണെന്ന് ഇ.ഡി ഹൈക്കോടതിയിൽ വാദിച്ചു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് വാദം.
ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ 2020 ആഗസ്റ്റ് 12,13 തീയതികളിലാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയതെന്ന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. ആഗസ്റ്റ് 14ന് സ്വപ്നയെ കസ്റ്റഡി കാലാവധി കഴിഞ്ഞു കോടതിയിൽ ഹാജരാക്കിയപ്പോൾ ഇ.ഡി ഉദ്യോഗസ്ഥർ ഇടവേളകളില്ലാതെ മണിക്കൂറുകളോളം ചോദ്യം ചെയ്തെന്നും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായില്ലെന്നും സ്വപ്ന കോടതിയിൽ പറഞ്ഞിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിന് ചില വ്യവസ്ഥകൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശിച്ചു. ആഗസ്റ്റ് 12 നും 13 നും സ്വപ്നയ്ക്കൊപ്പം വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ആ നിലയ്ക്ക് സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന മൊഴി കളവാണെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു.
സ്വർണക്കടത്തു കേസിൽ ഇ.ഡി കുറ്റപത്രം നൽകിയതിനെത്തുടർന്ന് കോടതി നടപടി തുടങ്ങുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഗൗരവമുള്ള മറ്റുചില കാര്യങ്ങൾ വ്യക്തമാക്കി സ്വപ്ന മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഇതു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ക്രൈംബ്രാഞ്ചിന്റെ കേസ് നിലനിൽക്കില്ല. അന്വേഷണ ഏജൻസിയുടെ നടപടികൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നും ഇ.ഡി വാദിച്ചു. ഇൗ ഘട്ടത്തിലാണ് സർക്കാർ വിശദമായ മറുപടിക്ക് സമയം തേടിയത്. ഇ.ഡി സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സർക്കാരിനെ കേൾക്കാതെ സ്റ്റേ നൽകരുതെന്ന് സീനിയർ ഗവ. പ്ളീഡർ വാദിച്ചു. തുടർന്നാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി പാടില്ലെന്ന് വിലക്കിയത്.