press-

കൊച്ചി: പാലാരിവട്ടം ഫ്ളൈഓവറിനെ ചൊല്ലി തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.തോമസും കളമശേരി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവും തമ്മിൽ വാക്പോര്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഫ്ളൈഓവറിന്റെ പുനർനിർമ്മാണം എൽ.ഡി.എഫ് സർക്കാർ വൈകിപ്പിച്ചുവെന്ന് പി.ടി. ആരോപിച്ചപ്പോൾ ഇതിനെ പഞ്ചവടിപ്പാലമെന്ന് വിശേഷിപ്പിച്ചത് ഹൈക്കോടതിയാണെന്ന് രാജീവ് തിരിച്ചടിച്ചു . എറണാകുളം പ്രസ്‌ക്ളബ്ബിൽ നടന്ന മുഖാമുഖത്തിലാണ് സ്ഥാനാർത്ഥികൾ കൊമ്പുകോർത്തത്. കൊച്ചി എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി.രാജഗോപാലും പങ്കെടുത്തു.

 തുടർഭരണം ഉറപ്പെന്ന് പി.രാജീവ്

വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന പ്രകടനപത്രികയിലെ വാഗ്‌ദാനം വോട്ടർമാർക്കിടയിൽ ചലനമുണ്ടാക്കിയിട്ടുണ്ട്. ഐ.എൻ.ടി.യു.സി നേതാവായിരുന്ന വി.പി.മരയ്ക്കാരുടെ മകൻ ഉൾപ്പെടെ നിരവധി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ എൽ.ഡി.എഫിലെത്തി. ബി.ജെ.പിയിലേക്ക് പോകുന്നതിനു പകരം കോൺഗ്രസ് പ്രവർത്തകർ എൽ.ഡി.എഫിലെത്തുന്നത് നല്ല പ്രവണതയാണ്. മികച്ച ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ഭരണതുടർച്ച നേടും.

 ഉജ്വലവിജയം നേടും: പി.ടി.തോമസ്

ഇതുവരെയുള്ള സർക്കാരുകളുമായി താരതമ്യം ചെയ്താൽ ഏറ്റവും മോശമായ പ്രതിച്‌ഛായ സൃഷ്‌ടിച്ചത് പിണറായി വിജയന്റെ ഗവൺമെന്റ് ആണ്. ഭരണത്തിലിരുന്ന് കേരളത്തിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികൾ ഇവർ കാട്ടിക്കൂട്ടിയതു കൊണ്ടാണ് നാടു നന്നാക്കാൻ യു.ഡി.എഫ് എന്ന മുദ്രാവാക്യം ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒത്തുകളിയുടെയും ധാരണയുടെയും നീക്കുപോക്കിന്റെയും അന്തർധാര സജീവമാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും.

 വോട്ടർമാർ നേരായ

വഴിയിലെത്തും: സി.ജി.രാജഗോപാൽ

ഇരുമുന്നണികളെയും പരീക്ഷിച്ചു പരാജയപ്പെട്ട കേരളത്തിലെ ജനങ്ങൾ ഇത്തവണ എൻ.ഡി.എയെ തിരഞ്ഞെടുക്കും. ദേശീയ രാഷ്‌ട്രത്തിൽ അപ്രസക്തമായ കോൺഗ്രസ് ചരടുപൊട്ടിയ പട്ടം കണക്കായി. ആകെയുള്ള കച്ചിത്തുമ്പ് കേരളം മാത്രമാണ്. അഴിമതി ആരോപണങ്ങൾ നേരിടുന്ന എൽ.ഡി.എഫ് സർക്കാരിന് വിശ്വാസ്യത ഇല്ലാതായി. ഇരുമുന്നണികളെയും തഴഞ്ഞ് ജനങ്ങൾ ഇത്തവണ ചന്ദനമരമായ ബി.ജെ.പിയെ പുണരും.