
മൂവാറ്റുപുഴ : തനിക്കുവേണ്ടി വോട്ടഭ്യർത്ഥിച്ച് ഉച്ചഭാഷിണിയിലൂടെ സ്വന്തം സ്വരംതന്നെ മുഴങ്ങുമ്പോൾ പഠനകാലത്ത് ജ്യേഷ്ഠനോടൊപ്പം പ്രചാരണ വാഹനത്തിലിരുന്ന് മൈക്ക് അനൗൺസ്മെന്റ് നടത്തിയതിന്റെ ത്രില്ലിംഗിലാണ് മുവാറ്റുപുഴയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഡ്വ.സി.എൻ. പ്രകാശ്.
കഴിഞ്ഞ ദിവസം തന്റെ അനൗൺസ്മെന്റ് റെക്കാഡിംഗ് കേൾക്കാൻ മുവാറ്റുപുഴ സ്റ്റീരിയോ ഹനസ് ഉടമ അലി സണ്ണിന്റെ സ്റ്റുഡിയോയിൽ എത്തിയതായിരുന്നു സ്ഥാനാർത്ഥി. റെക്കാഡിംഗ് സ്റ്റുഡിയോയിലെത്തിയപ്പോൾ സുഹൃത്തുകളുടെ ആവശ്യപ്രകാരമാണ് സ്വന്തം സ്വരം റെക്കോർഡ് ചെയ്ത് പ്രചാരണത്തിനായി നല്കിയത്. കാൽ നൂറ്റാണ്ട് മുൻപ് ജീപ്പിലും ഓട്ടോയിലും തന്റെ ശബ്ദസാന്നിദ്ധ്യം അറിയിച്ചതിന്റെ ആവേശം ഒട്ടും ചോർന്നുപോകാതെയായിരുന്നു ഇപ്പോഴത്തെയും അനൗൺസ്മെന്റ്. പിന്നീട് ദൃശ്യമാദ്ധ്യമ പ്രവർത്തകനായപ്പോഴും തൽസമയ വാർത്താവായനയ്ക്കും ,തൽസമയ റിപ്പോർട്ടിംഗിനും പഴയ അനൗൺസ്മെന്റ് അനുഭവം ഗുണം ചെയ്തിരുന്നതായി പ്രകാശ് പറഞ്ഞു. ഇനി മൂവാറ്റുപുഴയിൽ ട്വന്റി 20 സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനത്തിൽ മുഴങ്ങുക ഇനി സ്ഥാനാർത്ഥിയുടെ ശബ്ദം തന്നെ.