കൊച്ചി: ഏഴ് ദിവസങ്ങൾ. വിടരും മുമ്പേ കൊഴിഞ്ഞത് നാല് കൺമണികൾ. ഓർക്കാപ്പുറത്ത് വിടപറഞ്ഞ കുട്ടികളാണ് ജില്ലയുടെ ഉള്ളുലയ്ക്കുന്നത്. അങ്കമാലി മഞ്ഞപ്ര പെരിയപ്പാടൻ ഷാജുവിന്റെ മകൾ ബെല്ല മരിയൻ (11), കോതമംഗലം കറുകടം ശൗര്യാർ കോളനി അന്തിക്കരമോളേൽ സജിയുടെ മകൾ ആർദ്ര (13), കങ്ങരപ്പടി ഗോകുലം ഹാർമണി ഫ്ലാറ്റിൽ സനുമോഹന്റെ മകൾ വൈഗ (13), വരാപ്പുഴ ചിറയ്ക്കകംഭാഗത്ത് അമ്പാടിയുടെ മകൻ അനിരുദ്ധ് (9) എന്നിവരുടെ വേർപാടാണ് കണ്ണീരായത്. തൊട്ടടുത്തദിവസങ്ങളിലായായിരുന്നു നാല് കുട്ടികളും മരിച്ചത്. ബെല്ലയും ആർദ്രയും ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവിനൊപ്പം കാണാതായ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിലാണ് കണ്ടെത്തിയത്. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിതാവ് സാനുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിർജലീകരണം മൂലം ഹൃദയാഘാതം സംഭവിച്ചാണ് നാലാംക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് മരിച്ചത്.
• ബെല്ലയുടെ മൃതദേഹം വീടിനുള്ളിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫോണിന്റെ അമിത ഉപയോഗത്തിൽ രക്ഷിതാക്കൾ കുട്ടിയ ശാസിച്ചിരുന്നു. ഇതിൽ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. നിർദ്ധന കുടുംബമാണ്.
• ആർദ്രയെ കിടപ്പുമുറിയിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെ കാരണം കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല. അതേസമയം കുട്ടിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കോതമംഗലം.
• വൈഗയുടെ മരണം ഏറെ വേദിപ്പിക്കുന്നതായിരുന്നു. സംഭവത്തിന്റെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. പിതാവിന് സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പ്രത്യേകസംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.
• വയറിളക്കവും ഛർദ്ദിയും പിടിപ്പെട്ട അനിരുദ്ധിനെ മാതാപിതാക്കൾ ഡോക്ടറെ കാണിച്ചിരുന്നു. മരുന്നുകൾ നൽകിയെങ്കിലും തൊട്ടടുത്തദിവസം നിർജലീകരണം മൂർച്ഛിച്ചതാണ് മരണത്തിന് ഇടയാക്കിയത്. ശരീരത്തിൽ വെള്ളത്തിന്റെ അളവ് ഗണ്യമായി താഴ്ന്നതിനെത്തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.