കോലഞ്ചേരി:ലോട്ടറി ടിക്കറ്റെടുക്കുന്നെങ്കിൽ സ്‌മിജയുടെ കൈയിൽ നിന്ന് തന്നെ വേണം. നാട്ടിലും വിദേശത്തുമുള്ളവരെല്ലാം ഇപ്പോൾ സ്‌മിജയെ തെരയുകയാണ്.

കടം കൊടുത്ത ടിക്കറ്റിന് ആറു കോടിയുടെ ബമ്പറടിച്ചപ്പോൾ അത് വാങ്ങിയ ആളുടെ വീട്ടിലെത്തി കൈമാറി വാക്കാണ് സത്യമെന്ന് തെളിയിച്ച​ സ്‌മിജയെ മലയാളികൾ ആഘോഷിക്കുകയാണ്. ഒറ്റദിവസം കൊണ്ട് സമൂഹമാദ്ധ്യമങ്ങൾ സ്‌മിജയെ ഏറ്റെടുത്തു.

സ്‌മിജയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാനും മത്സരമാണ്. ഇന്നലെ ഉച്ചവരെ 1459 പേർ താല്പര്യം അറിയിച്ചു.

അമേരിക്ക, ന്യൂസിലൻഡ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഫോൺ കാളുകൾ. ഊരും പേരും അറിയാത്തവർ ഗൂഗിൾ പേ വഴി പണം അയയ്ക്കുന്നു. പലർക്കും ആഴ്ചയിൽ പത്ത് ടിക്കറ്റു വീതം വേണം. തുക തീരുമ്പോൾ അടുത്തത് അയയ്‌ക്കാം...

ആളെ തിരിച്ചറിയാതെ എങ്ങിനെ ടിക്കറ്റു മാറ്റി വയ്ക്കുമെന്ന ആധിയിലാണ് സ്മിജ. തിരക്ക് മാറുമ്പോൾ പണം അയച്ചവരെ തിരിച്ച് ബന്ധപ്പെടാനിരിക്കുകയാണ്.

വാട്സാപ്പ് തുറന്നാൽ അക്കൗണ്ട് കണ്ടെത്താനാണ് കഷ്ടപ്പാട്. തന്റെ പ്രൊഫൈൽ ഫോട്ടോയാണ് മിക്ക അക്കൗണ്ടുകളിലും. ഫേസ് ബുക്കിലും സ്ഥിതി ഇതുതന്നെ.

ഫോൺ വിളികളും അഭിനന്ദനക്കാരുടെ തിരക്കും കാരണം ഇന്നലെ ലോട്ടറിവിൽപ്പന ഭർത്താവിനെ ഏൽപ്പിച്ച് വീട്ടിലേക്ക് മുങ്ങി. വാഹനം നിറുത്തി അഭിനന്ദിക്കുന്നവരും കുറവല്ല.
നറുക്കെടുപ്പിന് മുമ്പേ പണം നൽകിയില്ലെങ്കിൽ പ്രൈസടിച്ചാൽ നൽകില്ലെന്ന് സ്മിജയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നിബന്ധനയുണ്ട്. എങ്കിലും ആറ് കോടി അടിച്ച ചന്ദ്രനോട് ഒന്നും പറഞ്ഞില്ല. വിൽക്കാത്ത ടിക്കറ്റ് അങ്ങോട്ട് വിളിച്ചാണ് എടുപ്പിച്ചത്. അവർക്ക് നറുക്കു വീണപ്പോൾ അതു കൊടുക്കുക തന്നെയാണ് തന്റെ മനഃസാക്ഷിയുടെ പക്ഷമെന്ന് സ്മിജ പറഞ്ഞു.

ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണെങ്കിലും ജീവിതത്തിന്റെ കണക്കിൽ പലപ്പോഴും പിഴച്ചു. കഷ്ടപ്പാടുകളിലൂടെയാണ് മുന്നോട്ടുപോകുന്നതും.