
കൊച്ചി : സാമ്പത്തിക സംവരണത്തിന് അർഹതയുള്ള മുന്നാക്ക സമുദായങ്ങളുടെ പട്ടിക ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. പട്ടിക പ്രസിദ്ധീകരിക്കാൻ വൈകുന്നതിനാൽ സാമ്പത്തിക സംവരണം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഉപഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ നിർദ്ദേശം.
സംവരണത്തിന്റെ റൊട്ടേഷനിൽ മൂന്നാം ഉൗഴം വേണമെന്നും ,സാമ്പത്തിക സംവരണം നൽകാൻ സർക്കാർ തീരുമാനിച്ച തീയതി മുതലുള്ള പി.എസ്.സി ലിസ്റ്റുകളിൽ ഇൗ സംവരണം ബാധകമാക്കണമെന്നുമാവശ്യപ്പെട്ട് നേരത്തേ എൻ. എസ്.എസ് ഹർജി നൽകിയിരുന്നു. ഇതിലാണ് ഉപഹർജി നൽകിയത്.
മുന്നാക്ക സംവരണം നടപ്പാക്കുന്നത് പഠിക്കാനും ,അർഹരായ സമുദായങ്ങളുടെ പട്ടിക തയ്യാറാക്കാനും സർക്കാർ 2016ൽ മുന്നാക്ക സമുദായ കമ്മിഷനു രൂപം നൽകിയിരുന്നു. കമ്മിഷന്റെ റിപ്പോർട്ടും പട്ടികയും സർക്കാർ 2020 മേയിൽ അംഗീകരിച്ചെങ്കിലും മുന്നാക്ക സമുദായപ്പട്ടിക ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് ഹർജിക്കാർ വാദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും, ഇതു കഴിഞ്ഞാലുടൻ പട്ടിക പ്രസിദ്ധീകരിക്കുമെന്നും സർക്കാർ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പ് കമ്മിഷൻ നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതാണെന്നും, നിയമപ്രകാരമുള്ള ബാദ്ധ്യത നിറവേറ്റുന്നതിന് പെരുമാറ്റച്ചട്ടം ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.