
തൃക്കാക്കര: തൃപ്പൂണിത്തുറയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തൃക്കാക്കര മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സജി ഷാളണിയിച്ച് സ്വീകരിച്ചു. തൃക്കാക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രർത്തനങ്ങൾ വിലയിരുത്തിയ അമിത് ഷാ, തൃപ്തി പ്രകടിപ്പിച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം വർദ്ധിപ്പിച്ചതായി സജി പറഞ്ഞു. വെണ്ണല, വൈറ്റില, പടമുഗൾ മേഖലകളിലും സജി തിരഞ്ഞെടുപ്പ് പര്യടനം നടത്തി. സംഘപരിവാരിന്റെ ആദ്യകാല പ്രവർത്തകൻ പള്ളത്ത് വീട്ടിൽ ഇ .എൻ നാരായണന്റെ ഭാര്യ സാവിത്രി നാരായണന്റെ അനുഗ്രഹം വാങ്ങിയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. പാലാരിവട്ടം ശ്രീരാമകൃഷ്ണാശ്രമം സന്ദർശിച്ച് സ്വാമി തത്സ്വരൂപാനന്ദയുടെ അനുഗ്രഹവും തേടി. തൃക്കാക്കര ഗ്രാമ പഞ്ചായത്ത് ആയിരുന്ന കാലത്ത് ബി.ജെ.പി. സ്ഥാനാനാർത്ഥിയായിരുന്ന അയ്യപ്പനും തിരഞ്ഞെടുപ്പ് പര്യടന പ്രവർത്തക സംഘത്തിലുണ്ടായിരുന്നു. വെണ്ണലയിൽ ഗൃഹസന്ദർശനം നടത്തി. ഇന്ദിര ജംഗ്ഷനിൽ ബാലകൃഷ്ണന്റെ ജൈവ കൃഷിയിടവും സന്ദർശിച്ചു. ജൈവ കൃഷി രീതിയെക്കുറിച്ച് അന്വേഷിച്ച് മനസിലാക്കിയ സജി, മണ്ഡലത്തിൽ ജൈവ കൃഷി പരിപോഷിപ്പിക്കുന്നതിനും വിപണനത്തിനും നൂതന പദ്ധതി ആവിഷ്ക്കക്കരിക്കുമെന്നും വ്യക്തമാക്കി.