
കടലും കായലും പുഴകളും വനവും അണക്കെട്ടുകളും കൊണ്ട് സമ്പന്നമാണ് എറണാകുളം. കിഴക്കേയറ്റം വനത്താലും പടിഞ്ഞാറേയറ്റം അറബിക്കടലാലും ചുറ്റപ്പെട്ട ജില്ല.എറണാകുളം ശിവക്ഷേത്രത്തിന്റെ പിറകിലുള്ള കുളമായ ഋഷിനാഗക്കുളത്തിന്റെ പേരാണ് പിന്നീട് എറണാകുളമായി മാറിയതെന്ന് പുരാവൃത്തം.വലതുപക്ഷത്തോട് പൊതുവേ ആഭിമുഖ്യം പുലർത്തുന്ന ജില്ലയിലെ തിരഞ്ഞെടുപ്പിന് ഇക്കുറി പതിവിലേറെ പിരിമുറുക്കമുണ്ട്. രാഷ്ട്രീയം മാത്രമല്ല, അരാഷ്ട്രീയവും ചർച്ചയാണിവിടെ. ദേശീയ, സംസ്ഥാന രാഷ്ട്രീയവും ആരോപണ പ്രത്യാരോപണങ്ങളും നിറയുമ്പോഴും ജനങ്ങളെ സ്വാധീനിക്കുന്ന വിഷയമായി വികസനവും പുത്തൻ കാഴ്ചപ്പാടുകളുമുണ്ട്. രാഷ്ട്രീയമില്ലാത്ത കിഴക്കമ്പലം ട്വന്റി 20, വി. ഫോർ കേരള തുടങ്ങിയ കൂട്ടായ്‌മകളാണ് പുതിയ ട്രെൻഡ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തരം സംഘടനകൾ നേടിയ വിജയം മുന്നണികൾക്ക് വെല്ലുവിളിയാണ്. ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഒൻപതിൽ യു.ഡി.എഫും അഞ്ചിൽ എൽ.ഡി.എഫുമാണ് ജയിച്ചത്. ഉള്ളത് നിലനിറുത്താനും നഷ്ടമായവ പിടിച്ചെടുക്കാനുമുള്ള തീവ്രശ്രമത്തിലാണ് രണ്ടു മുന്നണികളും. ഒരിടത്തെങ്കിലും ജയിക്കണമെന്നാണ് എൻ.ഡി.എയുടെ മോഹം. സജീവ രാഷ്ട്രീയത്തിലില്ലാത്തവരെയും സി.പി.എം മത്സരിപ്പിക്കുന്നുണ്ട്. സിറ്റിംഗ് എം.എൽ.എമാരെ നിലനിറുത്തുകയും പുതിയവർക്ക് അവസരം നൽകുകയും ചെയ്താണ് കോൺഗ്രസ് പരീക്ഷണം.
പെരുമ്പാവൂർ, അങ്കമാലി, ആലുവ, കളമശേരി, പറവൂർ, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലാണ് യു.ഡി.എഫ് കഴിഞ്ഞതവണ ജയിച്ചത്. ഇത്തവണ അങ്കമാലി, കളമശേരി, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിൽ കടുത്ത മത്സരമുണ്ട്. അങ്കമാലിയിൽ സിറ്റിംഗ് എം.എൽ.എ റോജി എം. ജോണിന് ജനതാദൾ (എസ്) നേതാവും മുൻമന്ത്രിയുമായ ജോസ് തെറ്റയിലാണ് എതിരാളി. മണ്ഡലം തിരിച്ചുപിടിക്കാൻ കടുത്ത ശ്രമത്തിലാണ് എൽ.ഡി.എഫ്. കളമശേരിയിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൾ ഗഫൂറും എൽ.ഡി.എഫിലെ പി. രാജീവും തമ്മിലാണ് മത്സരം. പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസാണ് മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ പ്രധാന ആയുധം. ഉറച്ച സീറ്റായ കളമശേരിയിൽ വിജയം ആവർത്തിക്കാൻ യു.ഡി.എഫും തീവ്രശ്രമത്തിലാണ്.
കുന്നത്തുനാട്ടിൽ മൂന്നാംമത്സരത്തിനിറങ്ങിയ യു.ഡി.എഫിലെ വി.പി. സജീന്ദ്രനും കടുത്ത മത്സരമാണ് നേരിടുന്നത്. മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ പി.വി. ശ്രീനിജിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കിഴക്കമ്പലം ട്വന്റി 20 മത്സരിക്കുന്നതാണ് രണ്ടു മുന്നണികൾക്കും ഭീഷണി. ഡോ. സുജിത് പി. സുരേന്ദ്രനാണ് സ്ഥാനാർത്ഥി. തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് ഉൾപ്പെട്ട പഞ്ചായത്തുകളിൽ 44,000 വോട്ടുകൾ ട്വന്റി 20 നേടിയിരുന്നു.
പിറവത്ത് കേരള കോൺഗ്രസുകൾ തമ്മിലാണ് പോരാട്ടം. സിറ്റിംഗ് എം.എൽ.എയും മുൻമന്ത്രിയുമായ അനൂപ് ജേക്കബും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഡോ. സിന്ധുമോൾ ജേക്കബും തമ്മിൽ. തദ്ദേശതിരഞ്ഞെടുപ്പിൽ നേടിയ ഉയർന്ന വോട്ടുകളിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. രാഷ്ട്രീയമായി മാണി ഗ്രൂപ്പിന് നിർണായകവുമാണ് പിറവത്തെ ജനവിധി. അടിയൊഴുക്കുകൾ മുതലെടുക്കാനാണ് മാണിഗ്രൂപ്പും എൽ.ഡി.എഫും ശ്രമിക്കുന്നത്. വിജയം ആവർത്തിക്കുമെന്ന ഉറപ്പിലാണ് അനൂപ് ജേക്കബും യു.ഡി.എഫും. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുചോർച്ച ഒഴിവാക്കാൻ ആസൂത്രിതമായ പ്രചാരണമാണ് അവർ നടത്തുന്നത്.
വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം എന്നിവയാണ് എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകൾ. വൈപ്പിനിൽ കഴിഞ്ഞതവണ വിജയിച്ച എസ്. ശർമ്മ മത്സരിക്കുന്നില്ല. കെ.എൻ. ഉണ്ണിക്കൃഷ്ണനാണ് സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ് നേതാവ് ദീപക് ജോയിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മത്സ്യത്തൊഴിലാളികൾക്ക് നിർണായകമായ സ്വാധീനമുള്ള മണ്ഡലമാണിത്. ആഴക്കടൽ മത്സ്യബന്ധനക്കരാർ ഉൾപ്പെടെ വിവാദങ്ങൾ മുൻനിറുത്തിയ പ്രചാരണം ഗുണംചെയ്യുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. വിവാദം ഏശില്ലെന്നും മത്സ്യമേഖലയിൽ സർക്കാർ നടപ്പാക്കിയ പദ്ധതികൾ വോട്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ.
തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാൻ കെ. ബാബുവിനെയാണ് കോൺഗ്രസ് വീണ്ടും മത്സരിപ്പിക്കുന്നത്. സിറ്റിംഗ് എൽ.എൽ.എയായ സി.പി.എമ്മിലെ എം. സ്വരാജാണ് എതിരാളി. കനത്ത മത്സരമാണ് നടക്കുന്നത്. പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ബി.ജെ.പി ജില്ലയിൽ ഏറ്റവുമധികം വോട്ട് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. എൻ.ഡി.എ നേടുന്ന വോട്ടുകൾ ഇടതു വലതു മുന്നണികളുടെ വിജയത്തെ സ്വാധീനിക്കും.
ജില്ലയുടെ കിഴക്കൻ പ്രദേശമായ മൂവാറ്റുപുഴയിലും കോതമംഗലത്തും വിജയം ആവർത്തിക്കുക എൽ.ഡി.എഫിന് അഭിമാനമാണ്. മൂവാറ്റുപുഴയിൽ സി.പി.ഐയിലെ സിറ്റിംഗ് എം.എൽ.എ എൽദോ എബ്രഹാമിനെതിരെ യുവനേതാവ് മാത്യു കുഴൽനാടനെ കോൺഗ്രസ് മത്സരിപ്പിക്കുന്നു. പ്രവചനാതീതമായ മത്സരമാണ് ഇവിടെ.
കോതമംഗലത്ത് സി.പി.എമ്മിലെ സിറ്റിംഗ് എം.എൽ.എ ആന്റണി ജോണിനെ കേരള കോൺഗ്രസ് പി.ജെ. ജോസഫ് ഗ്രൂപ്പിലെ ഷിബു തെക്കുംപുറമാണ് നേരിടുന്നത്. കഴിഞ്ഞതവണ നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാനും കരുത്ത് കാട്ടാനും ജോസഫ് വിഭാഗം കഠിനശ്രമത്തിലാണ്.
ട്വന്റി 20
ജില്ലയിലെ എട്ടു മണ്ഡലങ്ങളിലെ ട്വന്റി 20യുടെ മത്സരം ആകാംക്ഷ ഉണർത്തുന്നുണ്ട്. കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കാൻ കഴിയുമെന്നാണ് ട്വന്റി 20യുടെ വിലയിരുത്തൽ. മൂന്നു മുന്നണികൾക്കുമെതിരെ ഒരു സ്വതന്ത്ര സംഘടന ജയിച്ചാൽ സംസ്ഥാനത്ത് ചരിത്രവുമാകും. മൂവാറ്റുപുഴ, കോതമംഗലം, തൃക്കാക്കര, എറണാകുളം, കൊച്ചി, പെരുമ്പാവൂർ, വൈപ്പിൻ എന്നിവിടങ്ങളിലും ഇവർ മത്സരിക്കുന്നു. രാഷ്ട്രീയമില്ലാത്ത പ്രൊഫഷണലുകളാണ് സ്ഥാനാർത്ഥികൾ. ട്വന്റി 20 നേടുന്ന വോട്ടുകൾ എട്ടിടത്തും മുന്നണികൾക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആകെ മണ്ഡലം-14
യു.ഡി.എഫ്- 9
എൽ.ഡി.എഫ്-5
വോട്ടുശതമാനം 2016
യു.ഡി.എഫ് 43.64
എൽ.ഡി.എഫ് 40.54
എൻ.ഡി.എ 12.54
മറ്റുള്ളവർ 2.65