1

ഫോർട്ട്കൊച്ചി: ഒരേചുവരിൽ ആറു ഭാഷകളിലെഴുതി സ്ഥാനാർത്ഥിക്കായി വോട്ട് പിടുത്തം. കൊച്ചി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി.രാജഗോപാലിനു വേണ്ടിയാണ് വ്യത്യസ്തമായ ഈ ചുവരെഴുത്ത്. താമര ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥന മലയാളം, ഇംഗ്ലീഷ്, കൊങ്കിണി, ഗുജറാത്തി, തമിഴ്, ഉറുദു എന്നീ ഭാഷകളിലാണ് ചുവരിൽ എഴുതിയിട്ടുള്ളത്. ആനവാതിൽ യൂക്കോ ബാങ്കിന് സമീപത്തുള്ള മതിലിലാണ് ആദ്യ എഴുത്ത്. കൊച്ചി മണ്ഡലത്തിലെ സവിശേഷതകൾ അറിഞ്ഞും വൈവിദ്ധ്യം തിരിച്ചറിഞ്ഞുമാണ് ഭാഷാടിസ്ഥാനത്തിലുള്ള പ്രചാരണം. ഇതിനോടൊപ്പം തന്നെ സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന, മൈക്ക് പ്രചാരണം, ലഘുചിത്രങ്ങൾ എന്നിവയും ഭാഷാ പ്രചാരണത്തിലുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങൾ ഏറെയുള്ള കൊച്ചിയിൽ എൻ.ഡി.എ നടത്തുന്ന വിവിധ ഭാഷാ പ്രചാരണം രാഷ്ട്രീയക്കാർക്കൊപ്പം സാമൂഹിക മേഖലകളിലും ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്.