samaram
വില്ലേജോഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന സി.കെ. രഞ്ജിത്ത്

കോലഞ്ചേരി: മകന്റെ സർട്ടിഫിക്ക​റ്റിനായി ദിവസങ്ങളായി വട്ടം കറക്കുന്ന വില്ലേജ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കുത്തിയിരിപ്പ് സമരവുമായി പിതാവ്. മഴുവന്നൂർ സ്വദേശിയും കോലഞ്ചേരി ഗ്രാമ ന്യായാലയ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുമായ സി.കെ. രഞ്ജിത്താണ് മഴുവന്നൂർ വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരുന്നത്. മകന്റെ എൻട്രൻസ് പരീക്ഷയ്ക്കാവശ്യമായ ജാതി സർട്ടിഫിക്ക​റ്റ് ലഭിക്കുന്നതിനാണ് അപേക്ഷിച്ചത്. ആവശ്യമുള്ള സർട്ടിഫിക്ക​റ്റുകളെല്ലാം അപ്‌ലോഡ് ചെയ്ത് നൽകിയിട്ടും പല കാരണങ്ങൾ പറഞ്ഞ് അവയെല്ലാം വില്ലേജ് ഓഫീസിൽ നിന്നും തള്ളുകയാണെന്ന് പരാതിക്കാരൻ പറയുന്നു. ദിവസങ്ങളായി വില്ലേജ് ഓഫീസർ ഓഫീസിൽ വരുന്നില്ലെന്ന് രഞ്ജിത്ത് പറഞ്ഞു.