കൊച്ചി : ചേരാനെല്ലൂരിൽ കളിസ്ഥലത്തിനായി ഭൂമി വിട്ടു നൽകണമെന്ന നിവേദനം പരിഗണിച്ച് എത്രയും വേഗം തീരുമാനമെടുക്കാൻ കൊച്ചി നഗരസഭയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തെക്കൻ ചിറ്റൂർ സ്വദേശി എം.ജി. ജോയ് ഉൾപ്പെടെ മൂന്നുപേർ നൽകിയ ഹർജികൾ പരിഗണിച്ചാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ചേരാനെല്ലൂർ പഞ്ചായത്തിൽ കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകിട്ടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. നഗരസഭയുടെ ഭൂമിയിൽ ഒരുഭാഗം മാലിന്യം നിക്ഷേപിക്കാനും ശേഷിച്ച സ്ഥലം കളിസ്ഥലമാക്കാൻ ചേരാനെല്ലൂർ പഞ്ചായത്തിനു വിട്ടു കൊടുക്കാനും മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു.