വൈപ്പിൻ: ഫോർട്ടുകൊച്ചി - വൈപ്പിൻ ഫെറിയിൽ അറ്റുകുറ്റപ്പണികൾക്കായി കയറ്റിയ റോറോ ജങ്കാറിന് പകരം താത്കാലിക സംവിധാനമായി ബോട്ട് സർവീസ് ആരംഭിച്ചു. ജങ്കാർ തിരിച്ചുവരുന്നത് വരെയാണിത്. ഫെറിയിൽ നേരത്തെ ബോട്ട് സർവീസ് ഉണ്ടായിരുന്നുവെങ്കിലും രണ്ട് ജങ്കാറുകൾ ഓടിത്തുടങ്ങിയത്തോടെ പിൻവലിച്ചിരുന്നു.
ഫെറി സർവീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മേയർ എം. അനിൽകുമാർ വിളിച്ചുകൂട്ടി. റോറോ ജങ്കാറിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് വിദഗ്ദ്ധർ 29ന് എത്തുമെന്നും അതുവരെ ഒരു ജങ്കാർ മാത്രമേ ഉണ്ടാകൂവെന്നും കെ.എസ്.ഐ.എൻ.സി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഒരു ജങ്കാർ കൂടി നിർമ്മിക്കുന്ന കാര്യം നഗരസഭകൗൺസിൽ ചർച്ച ചെയ്യുമെന്ന് മേയർ വ്യക്തമാക്കി.
ജങ്കാർ സർവീസ് കാര്യക്ഷമമാക്കുന്നതിനായി ഡെപ്യൂട്ടി മേയർ കെ.എ. അൽസിയ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ടി.കെ. അഷ്‌റഫ്, പ്രിയ പ്രശാന്ത്, കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, കെ.എസ്.ഐ.എൻ.സി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്നതിനും തീരുമാനിച്ചു.