kerala

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുമ്പോൾ ഇത്തവണ ശ്രദ്ധേയമായകുന്ന മണ്ഡലമാണ് കുന്നത്തുനാട്. ചതുഷ്‌കോണ മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്. ഇടത്, വലത്, ബി.ജെ.പി മുന്നണികൾക്കൊപ്പം ഒപ്പം ട്വന്റി-ട്വന്റി കൂടി കളത്തിൽ ഇറങ്ങിയതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി കുന്നത്തുനാട് മാറിക്കഴിഞ്ഞു.


അഭിഭാഷകനായ പി.വി. ശ്രീനിജിനാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. മൂന്നാംതവണ അങ്കത്തിന് ഇറങ്ങുന്ന വി. പി.സജീന്ദ്രനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. രേണു സുരേഷ് എൻ.ഡി.എ സ്ഥാനാർത്ഥിയും ഡോ.സുജിത് പി. സുരേന്ദ്രൻ ട്വിന്റി ട്വന്റി സ്ഥാനാർത്ഥിയുമാണ്.


തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയ ട്വന്റി-ട്വന്റി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലമാണ് കുന്നത്തുനാട്.

കഴിഞ്ഞ രണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും കിഴക്കമ്പലം പഞ്ചായത്തിൽ മിന്നും ജയം നേടാൻ ട്വന്റി ട്വന്റിക്ക് സാധിച്ചിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ കുന്നത്തുനാടിന് പുറമെ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലും ട്വന്റി ട്വന്റി ഭരണം പിടിച്ചു. ഇതിൽ ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ സീറ്റും അവർ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല.

എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റി- ട്വന്റി പ്രതിനിധിയുണ്ട്. കോലഞ്ചേരി ഡിവിഷനിൽനിന്നാണ് അവരുടെ സ്ഥാനാർത്ഥി വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ മുന്നേറ്റം ആവർത്തിക്കാമെന്ന് ട്വന്റി ട്വന്റി കരുതുന്നു. ഇടത്, വലത് മുന്നണികളെ മാറി മാറി പിന്തുണച്ച മണ്ഡലം. ഇത്തവണ നാലാമതൊരു ശക്തികൂടി രംഗത്തെത്തുമ്പാൾ രാഷ്ട്രീയ കേരളം കുന്നത്തുനാടിനെ ഉറ്റുനോക്കുകയാണ്.


1967ലാണ് കുന്നത്തുനാട് മണ്ഡലം രൂപീകൃതമാകുന്നത്. സി.പി.എമ്മിന്റെ ഷിജി ശിവജിയെയാണ് 2016ൽ വി.പി.സജീന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്. 2011ലെ തിരഞ്ഞെടുപ്പിൽ നിന്ന് 2016ലേക്ക് എത്തിയപ്പോൾ ഭൂരിപക്ഷം ഇടിഞ്ഞെങ്കിലും മണ്ഡലം നിലനിറുത്താൻ സജീന്ദ്രനിലൂടെ കോൺഗ്രസിന് കഴിഞ്ഞിരുന്നു. 65445 വോട്ടുകളാണ് കഴിഞ്ഞ തവണ സജീന്ദ്രൻ നേടിയത്. ഷിജി ശിവജി 62766 വോട്ടുകളും നേടി. വോട്ട് വിഹിതത്തിൽ കോൺഗ്രസിന് വലിയ ഇടിവ് സംഭവിച്ചപ്പോൾ അത് മുതലാക്കിയ ബി.ജെ.പി തുറവൂർ സുരേഷിലൂടെ 16,459 വോട്ടുകളും സ്വന്തമാക്കി.