തൃക്കാക്കര: പൊതുസ്ഥലങ്ങളിലും സർക്കാർ വക സ്ഥലങ്ങളിലും വിവിധ രാഷ്ട്രീയപാർട്ടികൾ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും പരസ്യങ്ങളും തൃക്കാക്കരയിൽ വ്യാപകം. പെരുമാറ്റച്ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് മുഖവിലയ്ക്കെടുക്കാതെയാണ് ജില്ലാ ആസ്ഥാനത്തുതന്നെ വിവിധ രാഷ്ട്രീയപാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളും ഇത്തരത്തിൽ ചട്ടലംഘനങ്ങൾ നടത്തുന്നത്. തൃക്കാക്കര നഗരസഭയിലെ പല വാർഡുകളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായാണ് പ്രചരണം നടക്കുന്നത്. ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് പൊതുനിരത്തുകളിലെ പ്രചരണം കൊഴുക്കുന്നത്. സ്‌ക്വാഡുകൾ ഫ്‌ളക്‌സുകളും ബോർഡുകളും നീക്കംചെയ്യേണ്ടിവന്നാൽ അതിനുള്ള ചെലവുകൾ ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടികളിൽ നിന്നീടാക്കും.