കൊച്ചി: എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലും വ്യാപകമായി ഇരട്ടവോട്ട് ചേർത്തതായി ഹൈബി ഈഡൻ എം.പി. ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എൽ.ഡി.എഫ് ചേർത്ത വോട്ടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എറണാകുളം മണ്ഡലത്തിൽ 2238 ഉം തൃക്കാക്കരയിൽ 1975 ഉം ഇരട്ടവോട്ടുകൾ വോട്ടർപട്ടിക പരിശോധിച്ചപ്പോൾ കണ്ടെത്തി. എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദും മുഖ്യതിരഞ്ഞെടുപ്പ് ഏജന്റ് ആൽബർട്ട് അമ്പലത്തിങ്കലും ഇക്കാര്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
ഇരട്ടവോട്ടുകൾ ചേർത്തത് നിസാരകാര്യമായി കാണാൻ കഴിയില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ വോട്ട് ഉപയോഗിച്ചാണ് എൽ.ഡി.എഫ് വിജയിച്ചത്. 29 വോട്ടിന് പോലും യു.ഡി.എഫ് സ്ഥാനാർത്ഥി തോറ്റത് കള്ളവോട്ടുകൾ എൽ.ഡി.എഫ് ചെയ്തതുമൂലമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് രണ്ടു വോട്ടുകൾ ഒരേപേരിൽ ചേർത്തിട്ടുള്ളത്. ഇതുപയോഗിച്ചാണ് കോർപ്പറേഷൻ ഭരണം എൽ.ഡി.എഫ് പിടിച്ചതെന്ന് വ്യക്തമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെപ്പോലെ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സമീപനമാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.