
കൊച്ചി: വോട്ടർപട്ടികയിൽ വ്യാജമായി ചേർത്ത പേരുകൾ നീക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി ചേർത്തിട്ടുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും കത്തുകൾ നൽകിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തിനായി വൻ സാമ്പത്തിക പിന്തുണയോടെ സർക്കാർ ഉദ്യോഗസ്ഥരിലെ ഒരുവിഭാഗം സംഘടിതമായി നടത്തിയ നീക്കമാണ്. പട്ടികയിൽ വ്യാജമായി പേരുചേർത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സമ്മതിച്ചിട്ടുണ്ട്. ഈ പേരുകൾ നീക്കുകയോ മരവിപ്പിക്കുകയോ വേണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണം. നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജവോട്ട് ചേർക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് മൂന്നു മാസം മുതൽ രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാം.
ഫലത്തെ ബാധിക്കും
3,24,441 ഇരട്ടവോട്ടുകളും 1,09,601 വ്യാജവോട്ടുകളും പട്ടികയിലുണ്ടെന്ന് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി സി.ഡിയും റിപ്പോർട്ടും ഇലക്ഷൻ കമ്മിഷന് നൽകിയെന്ന് ഹർജിയിൽ പറയുന്നു. സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ നിരവധി വോട്ടർമാർ ഒന്നിലേറെ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇടതു, വലതു മുന്നണികൾ തമ്മിൽ വലിയ വോട്ടുവ്യത്യാസമില്ലാത്തതിനാൽ 4.34 ലക്ഷത്തിലേറെ വ്യാജ വോട്ടുകൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന വിവരമറിഞ്ഞിട്ടും അധികാരത്തിലുള്ള പാർട്ടി മൗനം പാലിക്കുന്നു. ഉദുമ മണ്ഡലത്തിലെ വോട്ടറായ കുമാരിയുടെ പേര് പട്ടികയിൽ നാലിടത്ത് ആവർത്തിച്ചിട്ടുണ്ട്.
ഇരട്ടവോട്ട്മുഖ്യമന്ത്രിയുടെ
അറിവോടെ : ചെന്നിത്തല
തൃശൂർ: വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തൃശൂർ പ്രസ് ക്ലബ്ബിന്റെ ജനശബ്ദം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം ഇരട്ടവോട്ട് അതീവ ഗൗരവമുള്ള കാര്യമാണ്. ഇടതുപക്ഷത്തിന്റെ സർവീസ് സംഘടനകൾക്ക് ഇതിൽ ബന്ധമുണ്ടോയെന്നും സംശയമുണ്ട്. കോൺഗ്രസുകാരാണ് ഇതെല്ലാം ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. വ്യാജ വോട്ടർമാരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കം. വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിൽ വ്യാപകമായി വ്യാജവോട്ടർമാരുണ്ട്. തങ്ങളുടെ പേരിൽ വ്യാജവോട്ടർമാരെ സൃഷ്ടിച്ചത് യഥാർത്ഥ വോട്ടർമാർ അറിയുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡാണ് അവരുടെ കൈവശമുള്ളത്. അവരുടെ പേരിൽ പല മണ്ഡലങ്ങളിലും സൃഷ്ടിച്ച വ്യാജ തിരിച്ചറിയൽ കാർഡുകൾ കള്ളത്തരം ചെയ്തരുടെ കൈയിലുണ്ട്. അവർ അതുപയോഗിച്ച് വോട്ട് ചെയ്യും.
ഫോട്ടോ ഒന്ന്,നാല്പേരുകളിൽ
നാല് തിരിച്ചറിയൽ കാർഡ്
₹പരാതിയുമായി വീണ്ടും ചെന്നിത്തല
തിരുവനന്തപുരം: ഫോട്ടോ ഒന്ന്, നാല് വ്യത്യസ്ത പേരുകളിൽ നാല് തിരിച്ചറിയൽ കാർഡുകൾ. നേമം മണ്ഡലത്തിലെ അമ്പലത്തറ സെക്ഷനിൽ 89ാം ബൂത്തില് കെ എൽ 20/136/286388 നമ്പർ തിരിച്ചറിയിൽ കാർഡുമായി ഷഫീഖ് എന്ന പേര് വോട്ടർപട്ടികയിൽ.ഇതേ ഫോട്ടോ ഉപയോഗിച്ച് ഹരികുമാറെന്ന പേരിൽ എഫ്.വി.എം.3071586 നമ്പർ തിരിച്ചറിയൽ കാർഡുമായി നേമം മണ്ഡലത്തിൽ തന്നെ കാലടി സെക്ഷനിലെയും,സുനിൽ രാജെന്ന പേരിൽ എഫ്.എം.വി.1362797 നമ്പർ തിരിച്ചറിയൽ കാർഡുമായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ ശാസ്തമംഗലം ബൂത്തിലെയും, സെൽവകുമാറെന്ന പേരിൽ എൽ.എച്ച്.ആർ. 1381524നമ്പർ തിരിച്ചറിയൽ കാർഡുമായി നേമം മണ്ഡലത്തിലെ കരമന സെക്ഷനിലെയും വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ
നേതാവ്രമേശ് ചെന്നിത്തല പുതിയ പരാതി.
ഇത്തരത്തിൽ ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത മേൽവിലാസവും തിരിച്ചറിയൽ കാർഡുമായി മൂന്നും നാലും ബൂത്തുകളിലെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 7600 വോട്ടുകൾ തിരുവനന്തപുരത്തും, 6360 വോട്ടുകൾ നേമത്തും 8400 വോട്ടുകൾ വട്ടിയൂർക്കാവിലുമുണ്ടെന്ന് ചെന്നിത്തല നിയോഗിച്ച പ്രത്യേക സംഘം കണ്ടെത്തി. തെളിവുകൾ സഹിതം ഇത് പരാതിയായി സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നൽകി. ഏത് രാഷ്ട്രീയപാർട്ടിയിൽപ്പെട്ടതാണെങ്കിലും ഇത്തരം കാർഡുമായി വരുന്ന ആരേയും വോട്ട്
ചെയ്യാൻ അനുവദിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി 3,22, 575 ഇരട്ടവോട്ടുകളും 1,09,693 കള്ള വോട്ടുകളുമുണ്ടെന്നാണ് ചെന്നിത്തലഇതുവരെ നൽകിയ പരാതികളിലുള്ളത്.