panjavadi

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ അഴിമതിയുടെ പേരിൽ കൊണ്ടും കൊടുത്തും തിരിച്ചടിച്ചും മുന്നേറുകയാണ് മുന്നണികൾ. പാലാരിവട്ടം ഫ്ളൈഓവർ നിർമാണ അഴിമതിയിൽ ആരംഭിച്ച വിവാദമാണ് ഇടതു വലതു മുന്നണികൾ ഏറ്റെടുത്ത് കൊഴുപ്പിക്കുന്നത്.

പഞ്ചവടിപ്പാലം അഴിമതി

പാലാരിവട്ടം ഫ്ളൈഓവർ നിർമാണത്തിലെ അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും കളമശേരിയിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നു. വിവാദത്തെത്തുടർന്ന് അദ്ദേഹത്തിന് സീറ്റുനൽകാൻ മുസ്ളീം ലീഗ് നേതൃത്വം തയ്യാറായില്ല. പകരം മകൻ വി.ഇ. അബ്ദുൾ ഗഫൂറാണ് സ്ഥാനാർത്ഥി.

പാലാരിവട്ടം അഴിമതി യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ആയുധമാക്കാൻ എൽ.ഡി.എഫ് വിപുലമായ പ്രചാരണമാണ് ആരംഭിച്ചത്. പാലാരിവട്ടം പാലം അഴിമതി വിശദമാക്കാൻ പഞ്ചവടിപ്പാലം സിനിമയുടെ പോസ്റ്റർ കളമശേരി, തൃക്കാക്കര മണ്ഡലങ്ങളിൽ വ്യാപകമായി പതിപ്പിച്ചു. പിന്നാലെ, ജനകീയ പ്രതിഷേധ കൂട്ടായ്‌മ അഴിമിതിക്കെതിരെ കൂട്ടനടത്തവും മഹാസദസും സംഘടിപ്പിച്ചു. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തിരുന്നു.

പ്രളയഫണ്ട് തട്ടിപ്പ്

സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് പൊടിതട്ടിയെടുത്താണ് യു.ഡി.എഫ് തിരിച്ചടിച്ചത്. കമളശേരി മണ്ഡലത്തിലെ നഗരസഭാ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഇന്നലെ നില്പുസമരം സംഘടിപ്പിച്ചു. കളക്ടറേറ്റിലെ സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പിൽ 14.84 കോടി രൂപയുടെ നഷ്ടം സർക്കാരിന് സംഭവിച്ചെന്ന സർക്കാർ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥട്ടനത്തിലാണ് എൽ.ഡി.എഫിനെതിരെ യു.ഡി.എഫിന്റെ പ്രതികരണം. പാവപ്പെട്ടവർക്ക് ലഭിക്കേണ്ട പ്രളയഫണ്ട് അടിച്ചുമാറ്റിയവർക്കും കളമശേരിയെ അധാർമിക പ്രവർത്തനങ്ങളുടെ ആസ്ഥാനമാക്കി മാറ്റിയ മാഫിയാസംഘങ്ങളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അഴിമതിക്കാരനെന്ന് കണ്ടെത്തി സി.പി.എം തന്നെ സസ്പെന്റ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത നേതാവിന്റെ അടുപ്പക്കാരെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ച് യു.ഡി.എഫ് തിരിച്ചടിക്കുന്നുണ്ട്. രണ്ടുപക്ഷവും അഴിമതി ഉന്നയിച്ചതോടെ രാഷ്ട്രീയവിവാദം തിളയ്ക്കുകയാണ്.