chandran

കോലഞ്ചേരി: കോടീശ്വരനായെങ്കിലും ചന്ദ്രൻ പൂന്തോട്ടപ്പണിക്ക് അവധി നൽകിയില്ല. കീഴ്മാട് ചെടിച്ചട്ടി കമ്പനിയിലെ ജോലിക്ക് ഇന്നലെയും എത്തി. കഴിഞ്ഞ ബമ്പർ നറുക്കെടുപ്പിൽ കടം വാങ്ങിയ ടിക്കറ്റിനെ ഭാഗ്യദേവത കടാക്ഷിച്ച് ആറു കോടിക്ക് അധിപനായെങ്കിലും വന്നവഴി മറക്കാൻ ചക്കുംകുളങ്ങര പാലച്ചുവട്ടിൽ പി.കെ. ചന്ദ്രൻ ഒരുക്കമല്ല. ഇന്നലെ മണ്ണിറക്കുന്ന പണിയിലായിരുന്നു. പതിനഞ്ച് വർഷമായി സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ട്. 100 രൂപയിൽ കൂടുതൽ ഇതിനു മുമ്പ് ലഭിച്ചിരുന്നില്ല.

അവളെനിക്ക് മകളെപ്പോലെ

ബമ്പറടിച്ച ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്മിജ വിളിച്ച് വിൽക്കാത്ത 12 ടിക്കറ്റുണ്ടെന്ന് പറയുന്നത്. പറഞ്ഞ നമ്പറുകളിൽ എസ്.ഡി 316142 താൻ തന്നെയാണ് നിശ്ചയിച്ചത്. സ്മിജയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. സമ്മാനം കിട്ടിയ കാര്യം സ്മിജ ഫോണിൽ അറിയിച്ചു. വൈകിട്ട് 6 മണിയോടെ സ്മിജയും ഭർത്താവ് രാജേശ്വരനും ടിക്കറ്റ് കൊണ്ടുത്തന്നു.

സ്മിജയിൽ വിശ്വാസമുള്ളതിനാലാണ് ടിക്കറ്റ് അവരുടെ കൈയിൽ തന്നെ സൂക്ഷിക്കുന്നത്. ചതിക്കില്ലെന്ന് ഉറപ്പാണ്. ജീവിതത്തിന്റെ കഷ്ടപ്പാടുകൾ ഏറെ അനുഭവിച്ച സ്മിജ മകളെപോലെയാണ്.

കഷ്ടപ്പാടുകളും, കടബാധ്യതകളും ഏറെയുള്ള കുടുംബമാണ് തന്റേത്. മകളെ കെട്ടിച്ചയച്ചപ്പോൾ പണമോ സ്വർണമോ നല്കിയിരുന്നില്ല, ഒരു മകൾ ബി.ടെക്കിനു പഠിക്കുകയാണ്. അവളുടെ വിദ്യാഭ്യാസം പൂർത്തിയാക്കണം. സമ്മാനത്തുക ലഭിക്കുമ്പോൾ സ്മിജയ്ക്ക് ഒരു തുക നൽകണമെന്നുണ്ട്. ലീലയാണ് ചന്ദ്രന്റെ ഭാര്യ. മക്കൾ: ചലി​ത, അഞ്ജി​ത, അഞ്ജി​ത്.

സ്മിജയ്ക്ക് 51 ലക്ഷം

പട്ടിമറ്റത്തെ സൈന ബാലന്റെ ഭാഗ്യലക്ഷ്മി ഏജൻസീസിൽ നിന്നാണ് സ്മിജയുടെ എസ്.കെ.എം ലക്കി സെന്ററിലേയ്ക്ക് ടിക്കറ്റെടുത്തത്. പിറവത്തുള്ള ഫോർച്ച്യൂൺ വിൻ സെന്ററിന്റെ സ്വന്തം സ്ഥാപനമാണ് ഭാഗ്യലക്ഷ്മി. ബമ്പർ തുകയുടെ പത്ത് ശതമാനമാണ് ഏജൻസി കമ്മിഷൻ. അതിൽ സർക്കാർ നികുതി കഴിഞ്ഞ് ലഭിക്കുന്ന 57 ലക്ഷം രൂപയിൽ 51 ലക്ഷം സ്മിജയ്ക്ക് നൽകുമെന്ന് ഫോർച്ച്യൂൺ ഉടമ സന്തോഷ് ബാലൻ പറഞ്ഞു.