location

കൊച്ചി: പൊതുവാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (വി.എൽ.ടി.ഡി) ഘടിപ്പിക്കാൻ ഹൈക്കോടതി രണ്ടുമാസംകൂടി സമയം നീട്ടിനൽകി. വാഹനങ്ങളിലെ യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് എറണാകുളം വെങ്ങോല സ്വദേശി ജാഫർഖാൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി.

കഴിഞ്ഞ നവംബർ 23ന് ഹർജി പരിഗണിച്ച ഹൈക്കോടതി ജനുവരി ഒന്നുമുതൽ ഇതു നടപ്പാക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നീട് കെ.എസ്.ആർ.ടി.സി നൽകിയ ഉപഹർജിയിൽ കാലാവധി മാർച്ച് 31വരെ നീട്ടി. മാർച്ച് 31ന് ഈ കാലാവധി കഴിയാനിരിക്കെയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഡയറക്ടർ വി.എൽ.ടി.ഡി സ്ഥാപിക്കാൻ കഴിഞ്ഞ ഫെബ്രുവരി 22ന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതുകൂടി കണക്കിലെടുത്താണ് ഹൈക്കോടതി സമയം നീട്ടിനൽകിയത്.