കടുങ്ങല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പരിപാടികളിൽ നിന്ന് ഐ ഗ്രൂപ്പുകാരെ ബോധപൂർവം ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ച് മണ്ഡലംതല തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് ഐ വിഭാഗം വിട്ടുനിൽക്കുന്നു.
പഞ്ചായത്തിലെ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നിയന്ത്രണം എ ഗ്രൂപ്പിനാണ്. ഐ ഗ്രൂപ്പിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് തുടർച്ചയായി അവഗണിക്കുന്നതിനെ തുടർന്നാണ് തീരുമാനമെന്ന് നേതാക്കൾ പറയുന്നു.
കിഴക്കെ കടുങ്ങല്ലൂരിൽ നടന്ന മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഐ വിഭാഗം നേതാക്കളെ ആരെയും പ്രസംഗിക്കാൻ അനുവദിച്ചിരുന്നില്ല. വേദിയിൽ ഐ വിഭാഗം നേതാക്കളായ ടി.ജെ. ടൈറ്റസ്, ശ്രീകുമാർ മുല്ലേപ്പിള്ളി, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ എന്നിവരുണ്ടായിരുന്നെങ്കിലും അർഹമായ പരിഗണന നൽകിയില്ല. ആറുമാസം മുമ്പ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയിലുണ്ടായ കൈയാങ്കളിയെത്തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊതുതിരഞ്ഞെടുപ്പ് സമയത്തും തിരിച്ചെടുക്കാത്തത് എ ഗ്രൂപ്പിന്റെ സമ്മർദ്ദം മൂലമാണന്ന് ഐ വിഭാഗം ആരോപിക്കുന്നു.