പറവൂർ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷിക്ക് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോമിൽ തുടക്കമായി. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ വിദ്യാർത്ഥികളുടെ കൃഷിയിടത്തിലാണ് കൃഷി. രാസവളങ്ങളുടെ ഉപയോഗം കാരണം നശിച്ചുകൊണ്ടിരിക്കുന്ന മണ്ണിനെ മെരുക്കിയെടുത്ത് ജീവാണുക്കളെ വീണ്ടെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ പശുവിന്റെ ചാണകം, ഗോമൂത്രം എന്നിവ ശേഖരിച്ച് ജീവാമൃതം, ഘനജീവാമൃതം തുടങ്ങിയ ജീവാണുക്കളുടെ കലവറകൾ തയാറാക്കിയാണ് കൃഷി. പദ്ധതിയുടെ നടീൽ ഉദ്ഘാടനം ഫാ. ആന്റണി കൊപ്പാണ്ടുശേരി നിർവഹിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, യേശുദാസ് പറപ്പിള്ളി, ഷാരോൺ പനക്കൽ, ഗ്രാമ പഞ്ചായത്തംഗം ബിജു പഴമ്പിള്ളി, ഫാ. സംഗീത്, സാലു, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു തുടങ്ങിയവർ പങ്കെടുത്തു.