
കൊച്ചി: കശുഅണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത് മുഖ്യമന്ത്രിയുടെ ഒാഫീസ് ഇടപെട്ടതിനാലാണെന്ന ആരോപണം തെറ്റാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം കടകംപള്ളി മനോജ് നൽകിയ ഹർജിയിലാണ് വ്യവസായവകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. മുരളി മറുപടി സത്യവാങ്മൂലം നൽകിയത്. ഹർജി സിംഗിൾബെഞ്ച് മദ്ധ്യവേനലവധിക്കുശേഷം പരിഗണിക്കും.
ന്യായീകരണം
# കശുഅണ്ടി സീസണൽ വിളയായതിനാൽ ഫാക്ടറികൾ വർഷം മുഴുവൻ പ്രവർത്തിപ്പിക്കാൻ ഇറക്കുമതി വേണ്ടിവരും. സ്റ്റോർ പർച്ചേസ് മാനുവൽ ബാധകമല്ല.
# ഇക്കാരണത്താലാണ് കശുഅണ്ടി വാങ്ങാനും ഇറക്കുമതി ചെയ്യാനും കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിനും കാപെക്സിനും സർക്കാർ അനുമതി നൽകിയത്.
# ഒന്നാംപ്രതിയായ കോർപ്പറേഷൻ മുൻ എം.ഡി കെ.എ. രതീഷ് സർക്കാരിനെ സ്വാധീനിച്ചാണ് അനുമതി വാങ്ങിയതെന്ന സി.ബി.ഐയുടെ കണ്ടെത്തൽ ശരിയല്ല.
# സി.ബി.ഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിനാൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി വേണ്ടെന്ന വാദം ശരിയല്ല.
# സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അനാവശ്യ കേസുകൾ ഒഴിവാക്കാനാണ് സർക്കാരിന്റെ അനുമതിവേണമെന്ന വ്യവസ്ഥ അഴിമതി നിരോധന നിയമത്തിൽ ഉൾപ്പെടുത്തിയത്.