
പറവൂർ: ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലും നടപ്പാക്കുന്ന അമിത് ഷായുടെ കുതന്ത്രങ്ങൾ ചെലവഴിക്കാൻ കഴിയുന്ന മാർക്കറ്റല്ല കേരളമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എൽ.ഡി.എഫ് പറവൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി എം.ടി. നിക്സന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ മതേതരത്വത്തെ തകർക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. പിണറായി സർക്കാർ ജനക്ഷേമകാര്യത്തിൽ ഇന്ത്യയിൽ പുതിയ മാതൃക സൃഷ്ടിച്ചു. പാവേപ്പെട്ടവർക്കും തൊഴിലാളികൾക്കും മോദി സർക്കാർ എതിരാണ്. മതേതരത്വത്തെ മുറുകെ പിടിച്ച് ജനോപകാര പ്രദമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുകയാണ് പിണറായി സർക്കാർ. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരായ നിലപാടു സ്വീകരിച്ച് കർഷകർക്കും തൊഴിലാളികൾക്കും എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയാണ് എൽ.ഡി.എഫ് സർക്കാരിന്റെ നടപടികൾ.
കേരളത്തിലെ പ്രതിപക്ഷനിലപാടുകൾ പരിശോധിക്കണം. കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് നിന്നാണ് സമരം ചെയ്യുന്നത്. ഒരേ നയമാണ് ഇരുകൂട്ടർക്കും. പറവൂരിന് ഒരു മാറ്റം വേണമെന്നും കോൺഗ്രസിന്റെ എം.എൽ.എക്ക് വിരമിക്കാൻ സമയമായെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കമലാ സദാനന്ദൻ, എ.കെ. ചന്ദ്രൻ, പി. രാജു. എൻ.എ. അലി തുടങ്ങിയവർ സംസാരിച്ചു.