ksinc

കൊച്ചി: സർക്കാരിനെ പ്രതിരോധത്തിലാക്കി ആഴക്കടൽ മത്സ്യബന്ധന ഇടപാടിന്റെ രേഖകൾ വാർത്താ ചാനൽ ഇന്നലെ പുറത്തുവിട്ടു. 400 ട്രോളറുകൾ നിർമ്മിക്കാൻ അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി കെ.എസ്.ഐ.എൻ.സി കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സൂചിപ്പിക്കുന്ന ഫയലെഴുത്ത് രേഖകളും കെ.എസ്.ഐ.എൻ.സി എം.ഡി എൻ. പ്രശാന്തിന്റെ വാട്ട്സ് ആപ്പ് ചാറ്റുകളുമാണിവ.

കെ.എസ്.ഐ.എൻ.സിയിലെ ഫയലുകളുടെ വിവരാവകാശ പകർപ്പുകളാണ് പുറത്തുവന്നത്. ഫയലുകളുടെ ഭാഗമാക്കിയവയാണ് വാട്ട്സ്ആപ്പ് ചാറ്റുകൾ. ട്രോളർ നിർമ്മാണക്കരാറിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞതിനെ ഖണ്ഡിക്കുന്നതാണ് ചാറ്റുകൾ.

ഫയലുകളിലെ കുറിപ്പുകൾ

 "മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി ചർച്ച ചെയ്തു. ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കുവാൻ സാദ്ധ്യതയുണ്ട്. കരുതൽ വേണം"- ഫെബ്രുവരി ഒന്നിന് ഇ.എം.സി.സി കമ്പനി അയച്ച കത്തിൽ അന്നു തന്നെ കെ.എസ്.ഐ.എൻ.സി എം.ഡി രേഖപ്പെടുത്തിയത്.

 ധാരണാപത്രം ഒപ്പുവച്ചതു സംബന്ധിച്ച് കെ.എസ്.ഐ.എൻ.സി ഇറക്കാനുദ്ദേശിച്ച പത്രക്കുറിപ്പിന്റെ പകർപ്പിൽ പബ്ളിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ച് വിപുലമായ പ്രചാരണം നടത്താൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ടെന്ന് 2021ഫെബ്രുവരി രണ്ടിന് കുറിച്ചു.

ചാറ്റ്

കരാർ ഒപ്പിടും മുമ്പും ശേഷവും മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ്, അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, പ്രസ് സെക്രട്ടറി പി.എം.മനോജ്, മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗം സുനീഷ് തുടങ്ങിയവരുമായി എൻ.പ്രശാന്ത് നടത്തിയ ചാറ്റുകളാണ് പുറത്തുവന്നിട്ടുള്ളത്. കരാർ ഒപ്പിടുന്ന കാര്യം മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് പ്രശാന്ത് അഭ്യർത്ഥിക്കുന്നു. ഒപ്പിടുന്ന സമയത്തെക്കുറിച്ചും സൂചിപ്പിച്ചു. മികച്ച നേട്ടമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടിയും നൽകി.

'ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പിട്ടത് മുഖ്യമന്ത്രി അറിഞ്ഞാണ്. നിരന്തരം കള്ളം പറയുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. വിഷയത്തിൽ തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി തുറന്നു സമ്മതിക്കണം.

- രമേശ് ചെന്നിത്തല

'ആഴക്കടൽ മത്സ്യബന്ധന കരാർ മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണ്. തട്ടിപ്പ് കമ്പനിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ചർച്ച നടത്തിയിട്ട് തട്ടിപ്പ് പുറത്തായപ്പോൾ അഭിനയിക്കുകയാണ്.

- കെ.സുരേന്ദ്രൻ