
കൊച്ചി: വിദേശത്തും കൊച്ചിയിലും സ്റ്റേജ്ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ നടി സണ്ണി ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാർച്ച് 31 നു പരിഗണിക്കാൻ മാറ്റി.
പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിൽ 2019 ലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് സണ്ണി ലിയോണിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഒരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു ചോദ്യം ചെയ്യൽ. തുടർന്നാണ് നടിയും കൂട്ടരും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കരാർ പ്രകാരമുള്ള തുക മുഴുവൻ നൽകാതെ തന്നെ കബളിപ്പിക്കാനാണ് പരാതിക്കാരൻ ശ്രമിച്ചതെന്നും മുഴുവൻ പണവും നൽകാതെ സമ്മർദ്ദത്തിലാക്കി കൊച്ചിയിൽ ഷോ നടത്താനാണ് പരാതിക്കാരൻ ശ്രമിച്ചതെന്നുമാണ് സണ്ണി ലിയോണിന്റെ വാദം.