കാലടി: കാലടി മേഖലയിൽ വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വൻനാശനഷ്ടമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. മാവ്, പ്ലാവ്, വാഴ, ഇലക്ട്രിക് പോസ്റ്റുകൾ എന്നിവ മറിഞ്ഞുവീണു. മേക്കാലടിയിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. പടയാട്ടിൽ ദേവകി, അമ്പാട്ടുപറമ്പിൽ അനു, അമ്പാട്ടുപറമ്പിൽ ബിജു, മങ്ങാടൻവീട്ടിൽ മുഹമ്മദ് എന്നിവരുടെ വീടിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ പറന്നുപോയി. വീട്ടിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ ആളപായമില്ല. കാലടി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ വ്യാപകമായി ഒടിഞ്ഞുവീണതിനാൽ പലേടത്തും വൈദ്യുതിനിലച്ചു.
മറ്റൂർ പള്ളിയങ്ങാടിയിൽ ഷിബു മഴുവഞ്ചേരിയുടെ കുലക്കാറായ നൂറ്റമ്പതിലേറെ ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. മറ്റൂർ എം.എച്ച്.സിയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന നടുവട്ടം വെട്ടിയാടൻ വീട്ടിൽ ടോമി ജോസിന്റെ അറുനൂറിലേറെ കൂലച്ചതും കുലക്കാറായതുമായ എത്തവാഴകൾ ഒടിഞ്ഞുവീണു.