ele

കോലഞ്ചേരി: കുന്നത്തുനാട്ടിലെ ചതുഷ്കോണ മത്സരത്തിന്റെ വീറിനും വാശിക്കും വേനൽചൂടിനെ വെല്ലുന്ന ആവേശച്ചൂടാണ്. രണ്ടു തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സാന്നിദ്ധ്യമറിയിച്ച് കിഴക്കമ്പലത്ത് സാംസ്കാരിക സംഘടനയായി തുടങ്ങിയ ട്വന്റി20 പാർട്ടി നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം കാഴ്ച വയ്ക്കുന്ന ഇവിടെ ഫോട്ടോ ഫിനിഷിംഗിലാകും മത്സരം തീരുന്നത്.

എൽ.ഡി.എഫിലെ അഡ്വ.പി.വി.ശ്രീനിജിനും, യു.ഡി.എഫിലെ സി​റ്റിംഗ് എം.എൽ.എ വി.പി.സജീന്ദ്രനും, ട്വന്റി20 യുടെ സുജിത് പി.സുരേന്ദ്രനും, എൻ.ഡി.എ യുടെ രേണു സുരേഷുമാണ് മത്സരരംഗത്ത്.

മൂന്ന് മുന്നണികൾക്കും വെല്ലുവിളി ഉയർത്തി ട്വന്റി20 േസ്ഥാനാർത്ഥിയും സജീവമായതോടെ പ്രവചനാതീതമാണ് അന്തിമ ഫലം.പത്ത് വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച സജീന്ദ്രനെതിരെ കേരളം വളർന്നപ്പോൾ കുന്നത്തുനാട് തളർന്നു എന്ന കാമ്പയിനാണ് എൽ.ഡി.എഫ് നടത്തുന്നത്.

തന്ത്രങ്ങൾ പയറ്റി എൽ.ഡി.എഫ്

തുടർച്ചയായി രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സജീന്ദ്രൻ മൂന്നാം വട്ട വിജയം പ്രതീക്ഷിച്ചിറങ്ങുമ്പോൾ യു.ഡി.എഫ് പാളയത്തിൽ നിന്നു തന്നെ തന്ത്റങ്ങൾ പഠിച്ചെത്തിയ അഡ്വ.പി.വി.ശ്രീനിജിൻ വൻ വെല്ലുവിളിയാണുയർത്തുന്നത്. മണ്ഡലത്തിൽ ശ്രീനിജിനുള്ള കോൺഗ്രസ് ബന്ധങ്ങൾ ചെറുതല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷിജി ശിവജിക്ക് വേണ്ടി മുൻ നിരയിൽ നിന്നു പ്രവർത്തിച്ച പരിചയവും കൈമുതലുണ്ട്.

വികസനം നിരത്തി യു.ഡി.എഫ്

മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് യു.ഡി.എഫ് പ്രചരണം. വികസനത്തുടർച്ചയ്ക്ക് ഒരു വോട്ട് എന്ന കാമ്പയിനാണ് പ്രധാനമായും ഉയർത്തുന്നത്. പണക്കൊഴുപ്പിലല്ല, ജനങ്ങളുടെ സ്നേഹവും, പിന്തുണയും, വിശ്വാസവും മാത്രം കൈമുതലാക്കിയാണ് മത്സരമെന്ന് സജീന്ദ്രൻ പറയുന്നു. രാഹുൽ ഗാന്ധിയുടെ മണ്ഡലം സന്ദർശനം കഴിഞ്ഞതോടെ ഇരട്ടി ആവേശത്തിലാണ് അണികൾ.

പ്രതീക്ഷയിൽ ട്വന്റി20

ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല കേരളം ട്വന്റി20 യ്‌ക്കൊപ്പം മുന്നോട്ട്. ശക്തമായ നിലപാട്, വെറും ഉറപ്പല്ല, യാഥാർത്ഥ്യം എന്ന കാമ്പയിനാണ് ഇവർ ഉയർത്തുന്നത്. ആധുനിക കേരളം, അഴിമതി മുക്ത കേരളത്തിനായി വോട്ടഭ്യർത്ഥിക്കുകയാണ് ട്വന്റി20. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച 43000 വോട്ടാണ് ട്വന്റിക്ക് പ്രതീക്ഷ നൽകുന്നത്.

പുതിയ കേരളം മോദിക്കൊപ്പം

ഇരു മുന്നണികളും മാറി മാറി ഭരിച്ച കുന്നത്തുനാട്ടിൽ പുതിയ കേരളം മോദിക്കൊപ്പമെന്ന കാമ്പയിനാണ് എൻ.ഡി.എ യുടെ പ്രചരണായുധം. മണ്ഡലത്തിൽ മാറ്റം അനിവാര്യമാണെന്നും സൂര്യൻ ഉദിക്കും, കൂരിരുൾ മാറും കുന്നത്തുനാട്ടിൽ താമര വിരിയുമെന്നുമാണ് എൻ.ഡി.എ അവകാശവാദം.

2016 ലെ വോട്ടിംഗ് നില

വി.പി.സജീന്ദ്രൻ (കോൺഗ്രസ്) 65,445
ഷിജി ശിവജി (സി.പി.എം) 62,766
തുറവൂർ സുരേഷ് (എൻ.ഡി.എ) 16,459