
പെരുമ്പാവൂർ: താന്നിപ്പുഴ കാലടി പാലത്തിനു സമീപം തൃശൂരിൽ നിന്ന് കൂവപ്പടി പവിഴം റൈസ് മില്ലിലേക്ക് നെല്ലുമായി വന്ന കെ.എൽ 13 എഎ 9332 ലോറി മറിഞ്ഞ് റോഡിൽ ഡീസൽ ചോർന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. പെരുമ്പാവൂർ ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ ഡീസൽ ചോർച്ച മൂലമുണ്ടാകാമായിരുന്ന തീപിടിത്തം ഒഴിവാക്കാൻ സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന നെല്ലുചാക്കുകൾ സേനാംഗങ്ങളും സിവിൽ ഡിഫൻസ് വൊളന്റിയർമാരും കമ്പനി തൊഴിലാളികളും ചേർന്ന് മറ്റു വാഹനങ്ങളിലേക്ക് മാറ്റി. റോഡിലെ ഡീസലും തകർന്ന ചില്ലുകഷണങ്ങളും വെള്ളം പമ്പു ചെയ്ത് നീക്കം ചെയ്തു. അസി. സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രമണ്യൻ, സേനാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, കെ.പി. ഷമീർ, പി.ആർ. ഉണ്ണികൃഷണൻ, പി.എം. ഷാനവാസ്, എം.കെ. നാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.