തൃക്കാക്കര: പതിമ്മൂന്നുകാരി വൈഗ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാണാതായ പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്‌ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹന് (40) സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഭാര്യ രമ്യ പൊലീസിന് മൊഴി നൽകി.

ഇന്നലെ തൃക്കാക്കര സി.ഐ യുടെ നേതൃത്വത്തിൽ അന്വേഷണ സംഘം ആലപ്പുഴയിലെ രമ്യയുടെ സഹോദരിയുടെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. എത്ര രൂപയുടെ ബാധ്യതയെണ്ടെന്ന് അറിയില്ലെന്ന് രമ്യ പറഞ്ഞു. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.

ബാങ്കിൽ 40 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും സേവിംഗ്സിൽ നാലു ലക്ഷം രൂപയും ഉണ്ടെന്നും അക്കൗണ്ട് പാൻ കാർഡുമായി ലിങ്ക് ചെയ്യാത്തതിനാൽ മരവിപ്പിച്ചിരിക്കുകയാണെന്നും സാനു ബന്ധുക്കളോടും പണം കൊടുക്കാനുള്ളവരോടും പറഞ്ഞിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ നിക്ഷേപമില്ലെന്ന് കണ്ടെത്തി.

വൈഗയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാർ പുഴയിലാണ് കണ്ടെത്തിയത്.

റോഡിലെ സി.സി.ടി.വി കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ സാനുവിന്റെ കെ.എൽ.7 സി​.ക്യു.8571 ഫോക്സ് വാഗൺ​ കാർ തൃശൂർ വഴി വാളയാർ ചെക്ക് പോസ്റ്റ് കടന്നതായി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

വൈഗ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സാനുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇക്കാര്യം ഭാര്യ സ്ഥിരീകരിച്ചിട്ടുണ്ട്. ആരെയെങ്കിലും ഭയന്നാണോ ഫോൺ ഓഫ് ചെയ്തത് എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സാനുവിന്റെയും ഭാര്യയുടെയും ഒരുമാസത്തെ ഫോൺ കോൾ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.