safa

ആലുവ: ആലുവ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പാട്ടുപാടി മക്കളായ സിമി ഫാത്തിമയും സഫ ഫാത്തിമയും. തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം തയ്യാറാക്കാനെത്തിയ ഫറൂഖ് നവരംഗാണ് കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് ഗാനങ്ങൾ ചിട്ടപ്പെടുത്തി നൽകിയത്.

ഗാനങ്ങളിൽ ഉൾപ്പെടുത്തേണ്ട വരികളും ഇതുവരെ ചെയ്ത പ്രധാന കാര്യങ്ങളും അൻവർ സാദത്തുമായി ചർച്ചചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അകത്തെ മുറിയിൽ നിന്നും ചെറിയ ശബ്ദത്തോടെ ഒരു ഈണം മൂളുന്നത് കേട്ടത്. 'വാതിക്കല് വെള്ളരിപ്രാവ്.... വാക്ക് കൊണ്ട് മുട്ടണ കേട്ട്....' ആ മൂളൽ കേട്ടപ്പോഴാണ് സാദത്തിന്റെ മക്കൾ പാടുമെന്നുള്ളത് അറിത്തത്. ഈ ഗാനത്തോട് അവർക്ക് പ്രത്യേക ഒരിഷ്ടം ഉണ്ടെന്ന് ബോധ്യമായി. ഇളയ മകൾ 11 വയസുകാരി സഫയും മൂത്ത മകൾ സിമിയും ഒന്നര വർഷമായി സംഗീതം പഠിക്കുന്നുണ്ടെന്നും അറിഞ്ഞു.
ഇതേതുടർന്ന് ഒരു പാട്ട് വാപ്പക്കുവേണ്ടി മക്കൾ പാടട്ടെയെന്ന് ഫറൂഖ് അഭിപ്രായപെട്ടപ്പോൾ, അത് സാദത്തിന് പെട്ടെന്നങ്ങ് ഉൾക്കൊള്ളാനായില്ല. ആ ആശയത്തെ സാദത്ത് നിരുത്സാഹപ്പെടുത്തിയെങ്കിലും ഫറൂഖ് വഴങ്ങിയില്ല. നന്നായാലും മോശമായാലും തന്റെ മക്കൾ പാടുന്നു എന്ന് ഫറൂഖ് അവിടെയിരുന്ന് തന്നെ പ്രഖ്യാപിച്ചു.
തുടർന്ന് അവർക്കേറെ പ്രിയപ്പെട്ട അതേ പാട്ടുകൾക്കുതന്നെ വരികൾ തയ്യാറാക്കി സാദത്തിന്റെ രണ്ട് മക്കളേയും കൊണ്ട് പാടിക്കുകയായിരുന്നു. സാദത്തിനെ അറിയിക്കാതെ മക്കൾ പാടുന്നതിന്റെ വീഡിയോ എടുത്ത് പാട്ടിനൊപ്പം വീഡിയോ ആൽബവും തയ്യാറാക്കി. 'നാട്ടുകാർക്ക് നല്ലയെമ്മല്ലെ, ഞങ്ങടെ പുന്നാര വാപ്പി' എന്ന് തുടങ്ങുന്ന ഗാനം....

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.