കൊച്ചി: ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും നഗരത്തിലും സമീപ പ്രദേശങ്ങളിലും വ്യാപകനാശനഷ്ടം. വൈകിട്ട് അഞ്ചോടെയാണ് മഴയും കാറ്റും മിന്നലുമുണ്ടായത്. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിവീണ് വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. ഗതാഗതം തടസപ്പെട്ടു. വൈദ്യുതിബന്ധം താറുമാറായി. രാത്രി വൈകിയാണ് പല സ്ഥലങ്ങളിലും വൈദ്യുതിബന്ധം പുന:സ്ഥാപിച്ചത്. ഗാന്ധിനഗർ, ക്ലബ്‌റോഡ് ഫയർഫോഴ്‌സ് സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി .

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം മരങ്ങൾ വീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഗാന്ധിനഗർ സ്വദേശികളായ കതിരൻ (14), അരുൺ (20) എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ കതിരനെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും അരുണിനെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറിഞ്ഞുവീണ മരത്തിനും മതിലിന്റെ ഇഷ്ടികകൾക്കുമിടയിൽ ഇരുവരുടെയും കാലുകൾ കുടുങ്ങുകയായിരുന്നു. അരമണിക്കൂറത്തെ പരിശ്രമത്തിന് ശേഷമാണ് ഫയർഫോഴ്‌സ് ഇവരെ പുറത്തെടുത്തത്. മരങ്ങൾ പൂർണമായി വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ രണ്ടരമണിക്കൂറോളമെടുത്തു. അപകടം സംഭവിച്ച സ്ഥലത്തെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നുവീണതോടെ വൈദ്യുതിബന്ധം തടസപ്പെട്ടു.

ജനറൽ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ല് മരക്കമ്പ് വീണ് തകർന്നു. വീക്ഷണം റോഡിലും കതൃക്കടവിലും എളംകുളം കുമാരനാശാൻ നഗറിലും ഹൈക്കോടതി ജംഗ്ഷനിലും മരങ്ങൾ കടപുഴകി വീണു.
വടുതല, വെണ്ണല, കടവന്ത്ര, വൈറ്റില, പാലാരിവട്ടം, അരങ്ങത്ത് റോഡ് മുസ്ലീംപള്ളി, കലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കാറ്റ് ആഞ്ഞടിച്ചു. 20 മിനിട്ടിലധികം നീണ്ട കാറ്റിൽ റോഡരികിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ഫ്ളക്സ് ബോർഡുകളും ഷീറ്റുകളും പറന്നുവീണു നാശനഷ്ടമുണ്ടായി.

കതൃക്കടവ് ജംഗ്ഷനിൽ ആശാരിപറമ്പിൽ സോജൻ, ഡെൽബി എന്നിവരുടെ വീടിന്റെ മേൽക്കൂര നിലംപതിച്ചു. വീട്ടുസാധനങ്ങൾക്ക് കേടുപാടുണ്ടായി. എറണാകുളം എക്‌സൈസ് ഓഫിസിന്റെ പാർക്കിംഗ് ഭാഗത്തെ മേൽക്കൂര പറന്നുപോയി.
വടുതല ചാണ്ടി റോഡിൽ ഓട്ടോറിക്ഷ ഡ്രൈവർ കല്ലുവീട്ടിൽ റോബിന്റെ വീടിന് മുകളിലേക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നിരുന്ന രണ്ട് വൻ മരങ്ങൾ കടപുഴകി വീണു. മുൻവശത്തെ ട്രസ് വർക്കും ഓടിട്ട മേൽക്കൂരയും പൂർണമായി നശിച്ചു, ആളപായമില്ല. ഡിവിഷൻ കൗൺസിലർ ഹെൻട്രി ഓസ്റ്റിന്റെയും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ മരംവെട്ടിമാറ്റി. തേവര, ഗാന്ധിനഗർ, കടവന്ത്ര ജംഗ്ഷൻ, കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിസരം, ചിൽഡ്രൻസ് പാർക്കിന് സമീപം, രാജാജി റോഡ്, ലിസി ആശുപത്രിക്ക് സമീപം, തേവര മട്ടമ്മൽ, കാരിക്കാമുറി ക്രോസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മരം മറിഞ്ഞുവീണു.

വെണ്ണല കൊറ്റംകാവ് ജംഗ്ഷനിൽ മാവിന്റെ വലിയ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതബന്ധവും നിലച്ചു. കെ.എസ്.ഇ.ബി വെണ്ണല സെക്ഷൻ ഓഫീസിൽനിന്ന് ജീവനക്കാരെത്തി മരം മുറിച്ചുനീക്കി.
എൽ.ഡി.എഫിന്റെ എളംകുളം ലോക്കൽ കമ്മിറ്റിയിൽ താത്കാലികമായി കെട്ടിയുണ്ടാക്കിയ
90-ാം നമ്പർ ബൂത്തിലേയ്ക്ക് തെങ്ങ് വീണു. ബൂത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു.