congress
യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് വോട്ടഭ്യർത്ഥിക്കുന്നു

ആലുവ: ആലുവയിൽ മൂന്ന് മുന്നണികളുടെയും പൊതുപര്യടനം ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ ആവേശത്തിലായി. നാടും നഗരവും ഇളക്കി മറിച്ചുള്ള പര്യടനമാണ് നടക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും സെക്രട്ടറി ഐവാൻ ഡിസൂസയും വ്യാപാര സ്ഥാപനങ്ങൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ച് പ്രവർത്തകർക്ക് ആവേശം പകർന്നു.

ശാന്തിഗിരി കവലയിലും വടാശേരി കനാൽ പാലത്തുമാണ് എ.ഐ.സി.സി നേതാക്കൾ വോട്ടഭ്യർത്ഥിച്ച് കടകൾ കയറിയത്. എടത്തല പഞ്ചായത്തിൽ മുന്നൂറോളം ബൈക്കുകളുടെ അകമ്പടിയോടെയാണ് പര്യടനം നടന്നത്. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ഷംസുദ്ദീൻ കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.


ഷെൽന നിഷാദിനെ വരവേറ്റ് എടത്തല

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് എടത്തലയിൽ പര്യടനം നടത്തി. എം.ഇ.എസ് ജാറത്തുനിന്ന് പര്യടനം ആരംഭിച്ചു. നേതാക്കളായ ടി.ആർ. അജിത്, പി. മോഹനൻ, എൻ.കെ. കുമാരൻ, കെ.എം. കുഞ്ഞുമോൻ, എം.എ. അജീഷ്, എം.എം. കിള്ളർ, എൻ.കെ. കുമാരൻ, എ.കെ. മായാദാസൻ, എം.എ. സലാം, സലിം എടത്തല, അഫ്‌സൽ കുഞ്ഞമോൻ, പ്രീജ കുഞ്ഞമോൻ, റൈജ അമീർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു. കുഞ്ചാട്ടുകരയിൽ സമാപിച്ചു. മഴയിലും സ്ഥാനാർത്ഥിക്ക് പ്രവർത്തകരും ജനങ്ങളും വൻ വരവേല്പാണ് നൽകിയത്.


എം.എൻ. ഗോപി നെടുമ്പാശേരിയിൽ

എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി നെടുമ്പാശേരിയിൽ പര്യടനം നടത്തി. പറമ്പശേരിയിൽ ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. നാല് കൊല്ലമായി പണി പൂർത്തീകരിച്ചുകിടക്കുന്ന പറമ്പശേരി മേൽപ്പാലം അപ്രോച്ച് റോഡ് നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുമെന്ന് എം.എൻ. ഗോപി ഉറപ്പ് നൽകി. അത്താണിയിൽ സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.ഡി. ദിവാകരൻ ഉദ്ഘാടനം ചെയ്തു.
അരുൺകുമാർ പണിക്കാർ, എ. സെന്തിൽകുമാർ, രജനഹരീഷ്, ബാബു കരിയാട്, ശാരി വിനോദ്, വി.വി. ഷൺമുഖൻ, പ്രദീപ് പെരുംപടന്ന തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് കീഴ്മാട് പഞ്ചായത്തിലെ പര്യടനം കൊച്ചിൻ ബാങ്ക് കവലയിൽ നിന്നാരംഭിക്കും.