container
പാലസ് റോഡിൽ കണ്ടെയ്‌നർ ലോറിയുടെ മുകളിലേക്ക് മരം വീണപ്പോൾ

ആലുവ: വ്യാഴാഴ്ച വൈകിട്ട് ആലുവയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ആലുവയിലെ പ്രധാന റോഡുകൾക്ക് കുറുകയെല്ലാം മരം മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളിലും വീടുകൾക്ക് മുകളിൽ സ്ഥാപിച്ച ഇരുമ്പ് ഷീറ്റുകൾ പറന്നുപോയി . വൈകിട്ട് അഞ്ചരയോടെയാണ് കാറ്റും മഴയും ശക്തമായത് . ആലുവയിലെ പ്രധാന റോഡായ പാലസ് റോഡിൽ രണ്ട് കൂറ്റൻ മരങ്ങൾ കടപുഴകി. ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടേയും പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടേയും മുകളിലുമാണ് മരം വീണത്. ആളപായമി​ല്ല .
ആലുവ - മൂന്നാർ സ്വകാര്യ ബസ് റൂട്ടിൽ കോളനിപ്പടിയിൽ റോഡിലേക്ക് കൂറ്റൻമരം മറിഞ്ഞുവീണു . രണ്ടിടത്തും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു . മണിക്കൂറുകളോളം എടുത്താണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത് . ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും നിരവധി ചെറുറോഡുകൾക്ക് കുറുകെയും മരം വീണ് ഗതാഗതം നിലച്ചു. ആലുവ റെയിൽവേ റോഡിൽ കൊട്ടാരപ്പാട്ട് ചന്ദ്രശേഖരന്റെ വീട് കനത്ത മഴയിൽ ഭാഗികമായി തകർന്നു. അടുക്കളയുൾപ്പെടെ പിൻവശമാണ് തകർന്നത്.
 എടയപ്പുറം മേഖലയിലും നാശം

കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. മരങ്ങൾ വൈദ്യുത ലൈനുകളിൽ വീണതിനെത്തുടർന്ന് വൈദ്യുതിബന്ധം തകരാറിലായി. എടയപ്പുറം കോട്ടേക്കാട് വിഷ്ണുവിന്റെ വീട് ഭാഗികമായി തകർന്നു. ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു. ചുമരുകൾക്ക് വിള്ളലും സംഭവിച്ചു. സമീപത്ത് തന്നെയുള്ള എടയത്താളി ഹമീദിന്റെ ഉടമസ്ഥതയിലുള്ള ദുബായ് ഗ്ലാസ് കമ്പനിയിൽ ഗ്ലാസ് അടുക്കിവച്ചിരുന്നത് കാറ്റിൽ മറിഞ്ഞുവീണ് തകർന്നു. ആലുവ, ചൂർണിക്കര, എടത്തല, കീഴ്മാട് എന്നിവിടങ്ങളിൽ നിരവധി വീടുകൾക്ക് മരം വീണും ശക്തമായ കാറ്റിലും കേടുപാടുണ്ട്. ആലുവ മേഖലയിൽ വൈദ്യുതിയും ഇന്റർനെറ്റ് ബന്ധങ്ങളും മണിക്കൂറുകളോളം തടസപ്പെട്ടു.