ചോറ്റാനിക്കര: കേന്ദ്ര അന്വേഷണ ഏജൻസികളുടെ സംസ്ഥാന സർക്കാരിനെതിരായ നീക്കങ്ങൾ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു തന്ത്രമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പിറവത്തെ എൽ.ഡി എഫ് സ്ഥാനാർത്ഥി ഡോ. സിന്ധു മോൾ ജേക്കബിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചോറ്റാനിക്കരയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ആഭ്യന്തര മന്ത്രി തുടർച്ചയായി കേരളം സന്ദർശിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഈ ബ്ലാക്ക് മെയിലിംഗ് തന്ത്രം കേരളത്തിൽ നടക്കില്ല. ഇതിനെ ഇടതുപക്ഷം ശക്തമായി നേരിടും. കേരളത്തിൽ എൽ.ഡി.എഫ് തുടർ ഭരണം ഉണ്ടാകുമെന്നും കാരാട്ട് പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എൻ. സദാമണി അദ്ധ്യക്ഷനായിരുന്നു. തോമസ് ചാഴികാടൻ എം.പി, വിൽസൻ പൗലോസ്, പി.ആർ. മുരളീധരൻ, ഷാജു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ടി.സി ഷിബു സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.