c-vijil

കൊച്ചി: തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതികൾ നൽകാനുള്ള സി- വിജിലിൽ ആപ്പിൽ പരാതി പ്രളയം. മാ‌ർച്ച് ആദ്യം വാരം മുതൽ 10871 പരാതികളാണ് ലഭിച്ചത്. പൊതുജനങ്ങൾക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തന്നതിനുള്ള സംവിധാനമാണ് സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ.

അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകൾ, ഫ്ളെക്‌സുകൾ എന്നിവയ്‌ക്കെതിരെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്. പരാതികൾ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകൾക്ക് കൈമാറി അന്വേഷിച്ചു നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും നോഡൽ ഓഫിസർ ലിറ്റി മാത്യു അറിയിച്ചു.

ലഭിച്ചവയിൽ 10656 പരാതികൾ ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്യുകയും 215 പരാതികൾ കഴമ്പില്ലാത്തവയാണ് എന്നതിനാൽഉപേക്ഷിക്കുകയും ചെയ്തു. സി- വിജിൽ ജില്ലാ നോഡൽ ഓഫിസായ ജില്ലാ പ്ലാനിംഗ് ഓഫിസിൽ, ജില്ലാതല കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾ ഈ മൊബൈൽ അപ്ലിക്കേഷൻ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും നോഡൽ ഓഫിസർ അറിയിച്ചു.

സി-വിജിൽ
പൊതുജനങ്ങൾക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടിയുള്ള മൊബൈൽ ആപ്ലിക്കേഷനാണ് സി-വിജിൽ. ഫോട്ടോയും വീഡിയോയും സഹിതം പരാതി നൽകാൻ ആപ്പിലൂടെ സാധിക്കും.

സി വിജിലിൽ പരാതിപ്പെടാം
പണം,മദ്യം,ലഹരി,പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്തകൾ, അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരെയും പൊതുജനങ്ങൾക്ക് പരാതി നൽകാം. പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന സി വിജിൽ ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ,രണ്ടു മിനിറ്റു വരൈ ദൈർഘ്യമുള്ള വീഡിയോകൾ,ശബ്ദരേഖകൾ എന്നിവയും സമർപ്പിക്കാനാകും. ജി.ഐ.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിൽ ലൊക്കേഷൻ ലഭ്യമാകുന്നതുകൊണ്ടു തന്നെ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാണ്. സ്വന്തം പേരുവിവരങ്ങൾ വെളുപ്പെടുത്തിയും അജ്ഞാതരെന്ന നിലയ്ക്കും പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് വിവരം നൽകാം. ഫോട്ടോയോ വീഡിയോയോ ഓഡിയോയോ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളിൽ പരാതി സമർപ്പിച്ചിരിക്കണം. ഫോണിൽ നേരത്തെ സ്റ്റോർ ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലിൽ അപ് ലോഡ് ചെയ്യാനാവില്ല.