കൂത്താട്ടുകുളം: ചിട്ടി പിടിക്കുന്നതിന് ഈടായി നൽകിയ വസ്തുവിന്റെ ആധാരത്തിന്റെ വ്യാജരേഖ ചമച്ച് ക്രയവിക്രയം നടത്തിയെന്ന പരാതിയിൽ സ്ഥലമുടമ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്. മൂവാറ്റുപുഴ ആരക്കുഴ കാവുംചിറവീട്ടിൽ കെ.പി. അനിൽ (50), ഭാര്യ അമ്പിളി (45), വൈക്കം മുളംകുളം വാഴനിൽക്കും പുരയിടത്തിൽ അശോക്‌കുമാർ (46), വൈക്കം മുളംകുളം വാഴനിൽക്കുംപുരയിടത്തിൽ ബാബു വിജയനാഥ് (48), മൂവാറ്റുപുഴ സ്വദേശിയായ വെണ്ടർ അജിത്ത്കുമാർ പി.ബി, മൂവാറ്റുപുഴ സബ് രജിസ്ട്രാർ ഓഫീസർ എന്നിവർക്കെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.

ശ്രീഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാസൻസ് കമ്പനിക്കുവേണ്ടി കൂത്താട്ടുകുളം ശാഖാ മാനേജർ സുധീർ എ.വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ശ്രീഗോകുലം ചിറ്റ്‌സ് കൂത്താട്ടുകുളം ശാഖയിൽ 2011ൽ കെ.പി. അനിൽ 1.10 കോടി രൂപയുടെ ചിട്ടിക്ക് ചേർന്നിരുന്നു. ഭാര്യ അമ്പിളിയെ ജാമ്യംനിറുത്തി 82,49,200 രൂപ ചിട്ടി ലേലം പിടിക്കുകയും ചെയ്തു.

അനിലിന്റെ പേരിലുള്ള ആരക്കുഴ വില്ലേജിലെ വസ്തുവിന്റെ ആധാരവും മുന്നാധാരങ്ങളും ബോണ്ടും ചെക്കും നൽകിയിരുന്നു. പിന്നാലെ ചിട്ടി കുടിശികയായി. അതിനിടെ വസ്തുവിന്റെ വ്യാജ ആധാരമുണ്ടാക്കി അശോക്‌കുമാറിനും ബാബു വിജയനാഥിനും തീറെഴുതി നൽകി ശ്രീഗോകുലം ചിറ്റ്‌സിനെ വഞ്ചിച്ചതായാണ് പരാതി. വ്യാജരേഖ ഉണ്ടാക്കി സ്ഥലം വാങ്ങിയതിന്റെ പേരിലാണ് അശോക്‌കുമാറിനും ബാബു വിജയനാഥിനും എതിരേ പരാതി.

വ്യാജ രേഖകൾ സൃഷ്ടിക്കാൻ കൂട്ടുനിന്നതിന്റെ പേരിലാണ് അന്നത്തെ മൂവാറ്റുപുഴ സബ് രജിസ്ട്രാർക്കെതിരേയും മൂവാറ്റുപുഴയിലെ ആധാരം എഴുത്ത് ലൈസൻസി അജിത്കുമാറിന്റെ പേരിലും കേസ്.

പുത്തൻകുരിശ് ഡിവൈ.എസ്.പി അജയനാഥിന്റെ മേൽനോട്ടത്തിൽ കൂത്താട്ടുകളും എസ്.എച്ച്.ഒ സുനീഷ് തങ്കച്ചനാണ് കേസ് അന്വേഷിക്കുന്നത്. വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്നതിന്റെ പേരിൽ അന്നത്തെ മൂവാറ്റുപുഴ സബ് രജിസ്ട്രാർ ഓഫീസർക്കെതിരേ എറണാകുളം ജില്ലാ രജിസ്ട്രാർക്കും രജിസ്‌ട്രേഷൻ ഐ.ജിക്കും പരാതി നൽകിയിട്ടുണ്ട്.