chenn

കൊച്ചി: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടത് സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്താൻ സർക്കാരിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പ്രതികളാകും. ഇരട്ടവോട്ടുകൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെന്നും എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

സർക്കാരും വകുപ്പുസെക്രട്ടറിയും അറിയാതെയാണ് കരാർ ഒപ്പിട്ടതെന്ന മുഖ്യമന്ത്രിയുടെ വാദംപൊളിഞ്ഞു. വിവരാവകാശരേഖകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം വ്യക്തമാണ്. മുഖ്യമന്ത്രിക്കും കരാറിനെക്കുറിച്ച് അറിയാം. പ്രതിപക്ഷ നേതാവിന്റെ ഓഫീസിനും പങ്കുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം തരംതാണതാണ്. തന്റെ ഓഫീസിന് പങ്കുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെ. അമേരിക്കൻ കമ്പനിക്കാർ മുഖ്യമന്ത്രിയെ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പൂർണമായ പങ്കോടെയാണ് കരാർ ഒപ്പിട്ടത്.

തന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്താണ് വിവരങ്ങൾ ചോർത്തിത്തന്നതെന്ന ആരോപണത്തിൽ കഴമ്പില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏഴുതാഴിട്ടുപൂട്ടിയ വിവരവും അറിയാൻ തനിക്ക് കഴിയും. ജനവികാരം അട്ടിമറിക്കാൻ സർക്കാർ അനുകൂല സർവീസ് സംഘടനകളെ ഉപയോഗിച്ചാണ് സി.പി.എം ഇരട്ടവോട്ട് ചേർത്തത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണം. എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഇരട്ടവോട്ട് ചേർത്തിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. കള്ളവോട്ട് ചെയ്യാൻ രാസവസ്തുക്കൾ സി.പി.എം വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.