
കൊച്ചി: മത്സരിക്കുന്ന എട്ടു മണ്ഡലങ്ങളിലും ജനങ്ങൾ ആഗ്രഹിച്ചാൽ തങ്ങൾ വിജയിക്കുമെന്ന് കിഴക്കമ്പലം ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു. ജയിക്കുമെന്നാണ് പ്രതീക്ഷ. ജയിപ്പിച്ചില്ലെങ്കിൽ ഖേദമോ വിഷമമോയില്ലെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മണ്ഡലത്തിലും ദിവസവും 2500 നും 3500 നുമിടയിൽ വീടുകളിൽ ട്വന്റി 20 പ്രവർത്തകർ പ്രചാരണത്തിന് കയറിയിറങ്ങുന്നുണ്ട്. നൂറിൽ 98 വീടുകളും നിലവിലെ രാഷ്ട്രീയ, ഭരണസംവിധാനങ്ങളിൽ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവയെല്ലാം വോട്ടായി മാറുമോയെന്ന് വ്യക്തമല്ല.
പിന്തുണ ആവശ്യമെങ്കിൽ
ഒരു മുന്നണിയുമായും ട്വന്റി 20 യ്ക്ക് ബന്ധമില്ല. രണ്ടു മുന്നണികളും ഒരുമിച്ച് വേട്ടയാടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാൽ സംസ്ഥാനത്തിന് ഗുണകരം ആരാണെന്ന് വിലയിരുത്തി പിന്തുണ നൽകും. കർശനമായ വ്യവസ്ഥയോടെയായിരിക്കും പിന്തുണ. മുന്നണിയുടെയോ മന്ത്രിസഭയുടെയോ ഭാഗമാകില്ല. അധികാര ചുമതലകൾ ഏറ്റെടുക്കില്ല.
പണച്ചെലവ് കുറവ്
പ്രചാരണത്തിന് സംഭാവനകൾ സ്വീകരിച്ചാണ് ചെലവഴിക്കുന്നത്. മുന്നണികളെക്കാൾ കുറച്ചുപണമേ പ്രചാരണത്തിന് ചെലവഴിക്കുന്നുള്ളൂ. വീടുകളിലെത്തി പ്രചാരണം നടത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്. പോസ്റ്ററുകളും ഫ്ളക്സുകളും കുറച്ചേയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിക്കുന്ന പരിധിക്കപ്പുറം പണം ചെലവഴിക്കില്ല.
നടൻ കമൽഹസന് ട്വന്റി 20 യുടെ ആശയങ്ങളോട് യോജിപ്പുണ്ടെങ്കിലും പ്രചാരണത്തിന് വിളിക്കുന്നില്ല. തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ പാർട്ട മത്സരിക്കുന്നതിനാൽ വരാൻ സമയം കിട്ടില്ല. ട്വന്റി 20 യുടെ ആശയങ്ങളാണ് അദ്ദേഹത്തിന്റെ പാർട്ടി സ്വീരിക്കുന്നത്.
മാലിന്യമെങ്കിൽ നടപടിയെടുക്കാം
തന്റെ വ്യവസായസ്ഥാപനം കടമ്പ്രയാറിൽ മാലിന്യം തള്ളുന്നുണ്ടെന്ന് ആരോപണം ഉന്നയിക്കുന്നവർ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് സാബു ജേക്കബ് ചോദിച്ചു. 53 വർഷമായി സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. രണ്ടു മുന്നണികൾ മാറിമാറി ഭരിച്ചിട്ടും നടപടി സ്വീകരിക്കാമായിരുന്നു. നടപടി സ്വീകരിക്കുമെന്ന തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി. തോമസിന്റെ പ്രസ്താവനയിൽ ആശങ്കയില്ല. തങ്ങളുടെ ഉത്പന്നങ്ങൾ അമേരിക്കയിലേയ്ക്ക് പൂർണമായി കയറ്റുമതി ചെയ്യുകയാണ്. അവയുടെ നിർമാണത്തിന് ഓർഗാനിക് വസ്തുക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. നേരിട്ട് മനുഷ്യർ കഴിച്ചാലും അവ അപകടകരമല്ല. ലോകത്തെ ഏറ്റവും മികച്ച സ്വിറ്റ്സർലാൻഡ് സാങ്കേതിവിദ്യയാണ് മാലിന്യസംസ്കരണത്തിന് ഉപയോഗിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പരിശോധനാ ഏജൻസികൾ ഏറ്റവും ഉയർന്ന പ്ളാറ്റിനം റേറ്റിംഗാണ് നൽകിയത്. ഏത് ഏജൻസി അന്വേഷണം നടത്തുന്നതിനും തടസമില്ല.
മാർക്കറ്റ് മറ്റു പഞ്ചായത്തുകളിലും
പത്തു വർഷം കൊണ്ട് കിഴക്കമ്പലം പഞ്ചായത്തിനെ സ്വയംപര്യാപ്തമാക്കും. ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ട്വന്റി 20 ഭരിക്കുന്ന മറ്റു പഞ്ചായത്തുകളിലും ആരംഭിക്കും. പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.