
കൊച്ചി: കേരളത്തിലെ വോട്ടർപട്ടികയിൽ വ്യാജമായി പേരുചേർത്തതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഇന്നലെ ചീഫ് ജസ്റ്റിസ് അവധിയായിരുന്നതിനാൽ ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേരളത്തിലെ വോട്ടർപട്ടികയിൽ വ്യാജമായി പേരുചേർത്ത സംഭവം ഗുരുതരമായ ക്രമക്കേടാണെന്നും കുറ്റക്കാരായവർക്കെതിരെ കർശനനടപടി വേണമെന്നും ഹർജിക്കാരനുവേണ്ടി ഹാജരായ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫ് അലി വാദിച്ചു. 4.34 ലക്ഷം വ്യാജവോട്ടുകളാണ് 131 മണ്ഡലങ്ങളിലെ കണക്കുകളിൽ കണ്ടെത്തിയത്. 140 മണ്ഡലങ്ങളും പരിശോധിക്കുന്നതോടെ കണക്ക് ഇനിയും കൂടുമെന്നും ഹർജിക്കാരൻ വാദിച്ചു. സംസ്ഥാനത്ത് മാറിമാറി അധികാരത്തിൽ വരുന്ന ഇടതു വലതു മുന്നണികൾ തമ്മിൽ വലിയ വോട്ടുവ്യത്യാസമില്ലാത്തതിനാൽ നാലുലക്ഷത്തിലേറെ വരുന്ന വ്യാജവോട്ടുകൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ അന്യായമായി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തിനായി വൻ സാമ്പത്തിക പിന്തുണയോടെ സർക്കാർ ജീവനക്കാരിൽ ഒരുവിഭാഗം സംഘടിതമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചു. തുടർന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം തേടിയത്.
ചീഫ് ജസ്റ്റിസ് അവധിയായതിനാൽ ഹർജി ഇന്നലെ പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റിലുണ്ടായിരുന്നില്ല. ടി. അസഫ് അലി ഹർജിയുടെ അടിയന്തരസ്വഭാവം പ്രത്യേകം ചൂണ്ടിക്കാട്ടി വിഷയം ഡിവിഷൻബെഞ്ചിന്റെ പരിഗണനയ്ക്കെത്തിക്കുകയായിരുന്നു.
വിശദമായ സത്യവാങ്മൂലം നൽകും: ടിക്കാറാം മീണ
തിരുവനന്തപുരം: വോട്ടർപട്ടികയിലെ ഇരട്ടവോട്ടുകൾ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഇരട്ടവോട്ടുകളുടെ നിലവിലെ പരിശോധനകളുടെ വിവരങ്ങൾ, ഇറോനെറ്റ് സോഫ്ട് വെയറിന്റെ ഉപയോഗം,സ്വീകരിക്കുന്ന തുടർനടപടി എന്നിവ കോടതിയെ ബോധിപ്പിക്കും.
ഇരട്ടവോട്ടിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയ സാഹചര്യത്തിലാണിത്. ഹർജി വീണ്ടും പരിഗണിക്കുന്ന തിങ്കളാഴ്ചയ്ക്ക് മുൻപ് സത്യവാങ്മൂലം നൽകും.
ഇരട്ടവോട്ടിൽ ജില്ലാ കളക്ടർമാർ നടത്തുന്ന പരിശോധനകൾക്കുശേഷം തുടർനടപടിയുണ്ടാകും. കളക്ടർമാരുടെ പരിശോധന മാർച്ച് 30ന് അവസാനിക്കും. വോട്ട് ഇരട്ടിപ്പ് വന്നതിന്റെ കാരണം ഉൾപ്പടെയുള്ള വിവരങ്ങൾ കളക്ടർമാർ ശേഖരിച്ചുവരികയാണെന്ന് മീണ പറഞ്ഞു.
വ്യാജവോട്ടും ഇരട്ടിപ്പും തടയണം:മുല്ലപ്പള്ളി
തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ഇരട്ടിപ്പും വ്യാജവോട്ടും തടയാൻ ശക്തമായ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇരട്ടവോട്ടുകളുടെ ബലത്തിലാണ് ഭരണത്തുടർച്ച സി.പി.എം അവകാശപ്പെടുന്നത്. വോട്ടർ പട്ടികയിൽ 64 ലക്ഷം ഇരട്ടവോട്ടുകളുണ്ടായിരുന്നെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. ഇരട്ടവോട്ടിന്റെ ബലത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം കൃത്രിമവിജയം നേടിയത്. 131 നിയോജക മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളാണ് കോൺഗ്രസ് കണ്ടെത്തിയത്. ഇത് ചൂണ്ടിക്കാട്ടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് പരാതി നൽകിയെങ്കിലും കാര്യമായ ഒരു നടപടിയുമുണ്ടായില്ല. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് സി.പി.എമ്മിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ. വ്യാജവോട്ടുകളോട് പ്രതികരിക്കാൻ ഇതുവരെ മുഖ്യമന്ത്രിയും സി.പി.എമ്മും തയ്യാറായിട്ടില്ല. ഇരട്ടവോട്ടുകൾക്കെതിരെ സി.പി.ഐ പോലും രംഗത്ത് വന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.