
കൊച്ചി: മണ്ഡലം രൂപീകൃതമായ ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും പരാജയമറിഞ്ഞ എൽ.ഡി.എഫിനെ രക്ഷിക്കാൻ ഈ ഡോക്ടർക്ക് കഴിയുമോ? മണ്ഡലത്തിലെ ആദ്യ എം.എൽ.എയായ ബെന്നി ബഹനാൻ മാറിയ രണ്ടാമങ്കത്തിൽ മണ്ഡലം നിലനിർത്തിയ പി.ടി.തോമസ് ഇത്തവണ കടുത്ത മത്സരമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജെ.ജേക്കബ്ബിൽ നിന്ന് നേരിടുന്നത്. മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ 5935 വോട്ട് നേടിയ ബി.ജെ.പിയെ 2016 ൽ 21247ലേക്ക് ഉയർത്തിയ പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ് എസ്.സജി തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. എൻ.ഡി.എ വോട്ടിംഗ് നില വീണ്ടും മെച്ചപ്പെടുത്തിയാൽ യു.ഡി.എഫ് വോട്ട് വീണ്ടും കുറയുമോ? തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നിൽക്കുമ്പോഴും ഒരു ഉത്തരത്തിലെത്താൻ കഴിയാതെ സങ്കീർണമാണ് തൃക്കാക്കര മണ്ഡലം.
ആരോപണങ്ങളുമായി യു.ഡി.എഫ്
തൃക്കാക്കരയിൽ തങ്ങളെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി തന്നെ നടത്തിയ നീക്കമാണ് ട്വന്റി 20 സ്ഥാനാർത്ഥിത്വമെന്നതാണ് ഒരാരോപണം. ജില്ലയിലെ യു.ഡി.എഫ് ജയിച്ച മണ്ഡലങ്ങളിലൊക്കെ ട്വന്റി 20 രംഗത്തെത്തിയത് യു.ഡി.എഫ് വോട്ട് കുറപ്പിക്കാനാണത്രെ. ബെന്നി ബഹനാൻ മത്സരിച്ച 2011 ലെ ആദ്യ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷമായ 22,406 വോട്ടുകൾ 11966 ലേക്ക് കുറഞ്ഞാണ് 2016 ൽ പി.ടി.തോമസിന് ജയിക്കാനായത്. ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് മൂന്നിരട്ടി വർദ്ധിച്ചു. മെട്രോ കാക്കനാട് വരെ എത്തിച്ച് ജില്ലാ തലസ്ഥാനത്തിന്റെ പുരോഗതി അതിവേഗമാക്കുമെന്നാണ് തോമസിന്റെ പ്രധാന വാഗ്ദാനം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് അതിവേഗം മെട്രോ പണി നടന്നത്. കാക്കനാട്ടേക്കുള്ള പദ്ധതിയുടെ സ്ഥലം ഇതുവരെ ഏറ്റെടുത്തിട്ടില്ല.
പുതിയ പരീക്ഷണം ലക്ഷ്യത്തിലെത്തുമോ?
പരമ്പരാഗതമായി മണ്ഡലത്തിൽ ശക്തമായ അടിത്തറയുള്ള എൽ.ഡി.എഫിന് രണ്ട് തവണയും ജയിക്കാൻ കഴിയാതെ പോയത് പുറത്ത് നിന്ന് വന്ന് മണ്ഡലത്തിൽ താമസിക്കുന്നവരുടെ വോട്ടുകൾ നേടാൻ കഴിയാതെ പോയതാണെന്ന് പാർട്ടി വിശ്വസിക്കുന്നു. ഐ.ടി പ്രൊഫഷണലുകൾ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയ ഒട്ടനവധി പേർ മണ്ഡലത്തിൽ വന്ന് താമസമാക്കി വോട്ടർമാരായവരാണ്. അവരുടെ വോട്ടുകളും കൂടി സമാഹരിക്കാനായാൽ വിജയം സുനിശ്ചിതമെന്ന് എൽ.ഡി.എഫ് കരുതുന്നു. ഇതാണ് ഒരു പ്രൊഫഷണലിനെ തന്നെ രംഗത്തിറക്കിയത്. ഓപ്പറേഷൻ തിയേറ്ററിൽ സമയം ചിലവഴിക്കുമ്പോഴും മണ്ഡലത്തിൽ സാമൂഹ്യ ബന്ധം സൂക്ഷിക്കുന്നയാളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ അസ്ഥിരോഗ വിദദ്ധനായ ഡോ.ജെ.ജേക്കബ്ബ്. കൊച്ചി രൂപതയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ ഒരു വ്യാഴവട്ടക്കാലം സേവനമനുഷ്ടിച്ചപ്പോൾ ഏറ്റവും ദരിദ്രരായവരുടെ ഇടയിലായിരുന്നു പ്രവർത്തനം.
മൂന്നിരട്ടിയാക്കിയ സജി തന്നെ വീണ്ടും
സൗമ്യനും പാർട്ടിയിൽ സർവ സമ്മതനുമായ സജി സംശുദ്ധ വ്യക്തിത്വമായാണ് സംഘടനയിൽ അറിയപ്പെടുന്നത്. കഴിഞ്ഞ തവണ വോട്ട് മൂന്നിരട്ടിയിലേറെ വർദ്ധിപ്പിച്ചപ്പോൾ അത് ഇത്തവണ എത്രയാകുമെന്നത് ഇരു മുന്നണികളുടെയും ചങ്കിടിപ്പ് കൂട്ടുന്ന കാര്യമാണ്. മെട്രോ കാക്കനാട്ടേക്ക് നീട്ടാൻ കേന്ദ്രസർക്കാർ 1,957കോടി രൂപ അനുവദിച്ചതിനൊപ്പം ശബരിമലയും പ്രധാന ചർച്ചയാക്കിയാണ് എൻ.ഡി.എ പ്രചാരണം കൊഴുപ്പിക്കുന്നത്. കെ.എം.ആർ.എൽ ആവശ്യപ്പെട്ട തുക മുഴുവൻ അനുവദിച്ചതായി എം.ഡി. അൽകേഷ് കുമാർ ശർമ്മ പറഞ്ഞ കാര്യവും ചൂണ്ടിക്കാട്ടിയാണ് എൻ.ഡി.എ പ്രചരണം.